22/07/2026
[fontresizer_tawhidurrahmandear_widget]

പ്രതിശ്രുത വരന്റെ കൊലപാതകം; തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് നടുവിരൽ ഉയർത്തികാട്ടി പ്രതി സിയ

 പ്രതിശ്രുത വരന്റെ കൊലപാതകം; തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് നടുവിരൽ ഉയർത്തികാട്ടി പ്രതി സിയ

മുംബൈ: പ്രതിശ്രുത വരനെ ട്രക്കിങ്ങിനിടെ കൊക്കയിലേക്ക് തള്ളയിട്ട് കൊന്ന സംഭവത്തിൽ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് അശ്ലീല ചിഹ്നം കാണിച്ച് പ്രതി സിയ. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെയാണ് കാമുകനുമായി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്. പൂനെ റൂറൽ പൊലീസിന്റെ അകമ്പടിയോടെ തന്റെ മാർക്കറ്റ് യാർഡിലുള്ള വസതിയിലേക്ക് തെളിവെടുപ്പിനായി പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരോട് നടുവിരൽ ഉയർത്തിക്കാണിച്ചത്.

ഈ വർഷം നവംബറിൽ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന കേതൻ അഗർവാളിനെ, തന്റെ കാമുകനായ ചേതൻ ചൗധരിയുമായി ചേർന്ന് സിയ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കേതന്റെ മരണം ആദ്യം ഒരു അപകടമാണെന്ന് കരുതിയെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. കേതനെ മലമുകളിൽ നിന്ന് എങ്ങനെ തള്ളിയിടണമെന്ന് സിയയും ചേതനും ചേർന്ന് മെയ് മാസത്തിൽ പൂനെ ലുല്ലാനഗറിലെ ഒരു ക്ലബിന് സമീപമുള്ള കുന്നിൻ പ്രദേശത്ത് വച്ച് മുൻകൂട്ടി പരിശീലിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഈ പരിശീലന സ്ഥലത്ത് സിയയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയും അവർ സ്ഥലം തിരിച്ചറിയുകയും ചെയ്തു. കൂടാതെ, ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതകം നടന്ന ജൂൺ 18ന് സിയ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

തങ്ങളുടെ ബന്ധത്തിന് കേതൻ തടസ്സമാകുമെന്ന് കണ്ടതിനാലാണ് ഇരുവരും ചേർന്ന് ഈ ക്രൂരത ചെയ്തത്. കുറ്റകൃത്യത്തിന് മുൻപും ശേഷവും ഇവർ മൊബൈലിലെ മുഴുവൻ ചാറ്റുകളും റീസൈക്കിൾ ബിൻ ഡാറ്റ ഉൾപ്പെടെ ഡീലീറ്റ് ചെയ്തിരുന്നു. ഈ വിവരങ്ങൾ വീണ്ടെടുക്കാൻ ഇവരുടെ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡമ്മി ഉപയോഗിച്ച് കൊലപാതക ദൃശ്യം പൊലീസ് ഇവിടെ പുനരാവിഷ്‌കരിച്ചിരുന്നു. പ്രതികളായ സിയ ഗോയലിനെയും ചേതൻ ചൗധരിയെയും ജൂലൈ 3 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഇരുവരെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കാൻ അനുമതി തേടി പൂനെ പൊലീസ് വഡ്ഗാവ് മാവൽ കോടതിയെ സമീപിച്ചിട്ടുണ്ട്.

Also read: