‘രോഗബാധിതയായ അമ്മയെ പരിചരിക്കാനെന്ന ആവശ്യം ന്യായമല്ല’; ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ന്യൂഡൽഹി: രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനും അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. താൽക്കാലിക മോചനത്തിനായി ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന കാരണങ്ങൾ ‘ന്യായമല്ല’ എന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഉമർ ഖാലിദ് കോടതിയെ സമീപിച്ചത്. എന്നാൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത് തടവിലുള്ള പ്രതിക്ക് അടിയന്തിര പ്രധാന്യമുള്ള കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മാതാവിന്റെ ശസ്ത്രക്രിയയുടെ കാര്യത്തിൽ, അവരെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന്റെ പിതാവും സഹോദരിമാരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പുറത്തുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഖാലിദ് എന്നാണ് ഡൽഹി പോലീസിന്റെ ആരോപണം.2020 സെപ്തംബർ മുതൽ ഡൽഹി കലാപത്തിലെ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിൽ കഴിയുകയാണ് അദ്ദേഹം.