29/10/2026
[fontresizer_tawhidurrahmandear_widget]

‘സിജെപി ജാമിഅക്കൊപ്പം നിൽക്കും, സാഹിലിന്റെ കുടുംബത്തിനായി ശബ്ദിക്കും, ഭീമശങ്കറിന് വേണ്ടി നിലകൊള്ളും’; വിമർശനങ്ങൾക്ക് മറുപടിയുമായി അഭിജിത് ദീപ്കെ

 ‘സിജെപി ജാമിഅക്കൊപ്പം നിൽക്കും, സാഹിലിന്റെ കുടുംബത്തിനായി ശബ്ദിക്കും, ഭീമശങ്കറിന് വേണ്ടി നിലകൊള്ളും’; വിമർശനങ്ങൾക്ക് മറുപടിയുമായി അഭിജിത് ദീപ്കെ

ന്യൂഡൽഹി: ഐഐടി വിദ്യാർത്ഥി സാഹിൽ വാങ്കഡെയുടെ ആത്മഹത്യ, ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരം, ഭീമാശങ്കർ വനസംരക്ഷണം, കേരളത്തിലെ അധ്യാപകരുടെ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിൽ സിജെപി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സ്ഥാപകൻ അഭിജിത് ദീപ്കെ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിമർശനങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകിയത്. അനീതിക്കെതിരെ പോരാടുന്ന ഓരോ വ്യക്തിക്കും ഒപ്പം സംഘടന ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിജെപി ആരംഭിച്ചിട്ട് കേവലം മൂന്നോ നാലോ മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, വലിയ കേഡർ സംവിധാനമോ പരിധിയില്ലാത്ത സാമ്പത്തിക വിഭവങ്ങളോ ഇല്ലാത്ത ഒരു ചെറിയ കൂട്ടായ്മ മാത്രമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ വിഷയങ്ങളിലും ഒരേസമയം ഇടപെടാൻ കഴിയാത്തതിന്റെ പ്രധാന കാരണം ഈ മനുഷ്യശേഷി കുറവും പരിമിതികളുമാണ്. ഇതിനുപുറമെ സംഘടന വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ തന്നെ പോലീസ് രണ്ട് തവണ ജയിലിലടച്ചു. സിജെപി സഹ കൺവീനർമാരായ അശുതോഷ് രങ്കയും സൗരവ് ദാസും എട്ട് ദിവസമാണ് ജയിലിൽ കഴിഞ്ഞത്. നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി. പോലീസ് നടപടികളെയും കേസുകളെയും നേരിടുന്നതിനൊപ്പമാണ് മറ്റ് അടിയന്തര വിഷയങ്ങളിലും സംഘടന ഇടപെടുന്നത്.

സാഹിൽ വാങ്കഡെയുടെ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന വാദം അദ്ദേഹം തള്ളി. തന്റെ മാധ്യമ പ്രസ്താവനകളോ എക്സ് അക്കൗണ്ടോ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സാഹിലിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് ലജ്ജാകരമായ നടപടിയാണെന്ന് പറഞ്ഞ ദീപ്കെ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഐഐടികളിൽ ആത്മഹത്യ ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ജാമിഅ മില്ലിയയിലെയും ഭീമാശങ്കറിലെയും വിഷയങ്ങളിലും സിജെപി കൃത്യമായി ഇടപെടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ വെല്ലുവിളികൾക്കും കേസുകൾക്കും തടവിലാക്കപ്പെടലുകൾക്കും ഇടയിലൂടെയാണ് സന്നദ്ധപ്രവർത്തകർ ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ ഏതെങ്കിലും വിഷയത്തിൽ ഉടൻ പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അല്പം സമയം നൽകണമെന്നും ദയവായി തങ്ങളുടെ ഈ സാഹചര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു. ഇതിനർത്ഥം സിജെപി ജനങ്ങൾക്കൊപ്പം നിൽക്കില്ല എന്നല്ല. പരിമിതികൾക്കിടയിലും ജാമിഅയ്ക്കൊപ്പവും ഭീമാശങ്കറിന് വേണ്ടിയും സാഹിൽ വാങ്കഡെയുടെ കുടുംബത്തിന് വേണ്ടിയും സിജെപി നിലകൊള്ളുമെന്നും അനീതിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണയോടെ ശബ്ദമുയർത്താൻ മുന്നിലുണ്ടാകുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

Also read: