23/11/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിംകള്‍ക്ക് വസ്തുവകകള്‍ വില്‍ക്കരുത്, ഇന്ത്യ ഹിന്ദു രാഷ്ട്രം, മദ്രസകളില്‍ പഠിപ്പിക്കുന്നത് ഹിന്ദു വിരോധം മാത്രം’; വീണ്ടും വിദ്വേഷ പ്രസ്താവനകളുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

 ‘മുസ്‌ലിംകള്‍ക്ക് വസ്തുവകകള്‍ വില്‍ക്കരുത്, ഇന്ത്യ ഹിന്ദു രാഷ്ട്രം, മദ്രസകളില്‍ പഠിപ്പിക്കുന്നത് ഹിന്ദു വിരോധം മാത്രം’; വീണ്ടും വിദ്വേഷ പ്രസ്താവനകളുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

മുംബൈ: മഹാരാഷ്ട്രയിലെ ജനസംഖ്യാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും വസ്തുവകകൾ സ്വന്തം സമുദായത്തിലുള്ളവർക്ക് മാത്രമേ വിൽക്കാവൂ എന്നും ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിനാൽ തങ്ങളുടെ അയൽപക്കങ്ങളിൽ ആരൊക്കെയാണ് താമസിക്കാൻ എത്തുന്നതെന്നും ജനസംഖ്യാ ഘടന എങ്ങനെയാണ് മാറുന്നതെന്നും ഹിന്ദു സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്രയിൽ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ലാൻഡ് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയവ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടുകൾ സ്വന്തം സമുദായത്തിൽ നിന്നുള്ളവരുമായി മാത്രമേ നടത്താവൂ എന്നും വസ്തുവകകൾ ഹിന്ദുക്കൾക്ക് മാത്രമേ വിൽക്കാവൂ എന്നും മന്ത്രി ആഹ്വാനം ചെയ്തു.

“മഹാദേവന്റെ ഈ പുണ്യഭൂമി നാം സംരക്ഷിക്കണം. ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം. ലോകം മുഴുവൻ ഇസ്‌ലാമികവത്കരിക്കാനാണ് അവരുടെ ലക്ഷ്യം. അതിനായി ലാൻഡ് ജിഹാദും ലവ് ജിഹാദും എല്ലാം ഉപയോഗിക്കുന്നു. നമ്മൾ ജാഗ്രത പാലിച്ചാൽ അവർക്ക് നിയന്ത്രണമില്ലാതെ വികസിക്കാൻ കഴിയില്ല. അവർക്ക് ഉപജീവനം നൽകുന്നത് നമ്മളാണ്. നമ്മൾ അവർക്ക് ഭക്ഷണം നൽകുന്നത് നിർത്തിയാൽ അവർ തീർച്ചയായും നശിച്ചുപോകും,” നിതേഷ് റാണെ പറഞ്ഞു.

ഘാട്‌കോപ്പർ-കുർള മേഖലയിലുള്ള പ്രമോദ് മഹാജൻ ഗാർഡനിൽ വെച്ച് നവി മുംബൈ സ്വദേശികളായ യുവദമ്പതികളെ പ്രായപൂർത്തിയാകാത്ത എട്ട് ആൺകുട്ടികൾ ചേർന്ന് ആക്രമിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മദ്രസ വിദ്യാഭ്യാസത്തിനെതിരെയും അദ്ദേഹം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.

“ഞാൻ അവരെ പ്രായപൂർത്തിയാകാത്തവർ എന്ന് വിളിക്കില്ല, അതൊരു ടൈം ബോംബാണ്. മദ്രസകളിൽ ഹിന്ദുക്കളോടുള്ള വിദ്വേഷമാണ് കുത്തിവയ്ക്കുന്നത്. ഹിന്ദുക്കളെ ‘കാഫിറുകൾ’ എന്ന് മുദ്രകുത്തുന്നു. ഖുർആനിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്ന മദ്രസകളിൽ പഠിപ്പിക്കുന്നത് ഹിന്ദുക്കളെ മതം മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നാണ്. അതുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾക്ക് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നില്ല, എഞ്ചിനീയർമാരോ ഡോക്ടർമാരോ ആകാൻ അവരെ പരിശീലിപ്പിക്കുന്നില്ല. പകരം, വളരുമ്പോൾ ഹിന്ദുക്കളെ കൊല്ലാനോ ഉന്മൂലനം ചെയ്യാനോ മതം മാറ്റാനോ മാത്രമാണ് അവരെ പഠിപ്പിക്കുന്നത്,” എന്നും നിതേഷ് റാണെ ആരോപിച്ചു.

Also read: