‘ആമിർ ഖാന്റെ മൂന്നാം വിവാഹം ലവ് ജിഹാദോ’?: സിനിമകൾ കാണുന്ന ഹിന്ദു യുവാക്കൾ ചിന്തിക്കണമെന്ന് ബിജെപി നേതാവ് നിതേഷ് റാണെ
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ രംഗത്ത്. ആമിർ ഖാന്റെ വിവാഹത്തെ ‘ലവ് ജിഹാദിന്’ ഉദാഹരണമായി കാണേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത്തരം പ്രമുഖരെ പിന്തുണയ്ക്കുന്നതിന് മുൻപ് ഹിന്ദുക്കൾ കൃത്യമായി ചിന്തിക്കണമെന്നും റാണെ ആവശ്യപ്പെട്ടു. ഷിർദിയിൽ മാധ്യമ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
പ്രമുഖ വ്യക്തികൾ തങ്ങളുടെ വ്യക്തിജീവിതത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ഹിന്ദു സമൂഹം അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് റാണെ പറഞ്ഞു. ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ ആരാണെന്നും ആമിർ ഖാൻ അതിലൊന്നായി മാറിക്കൊണ്ടിരിക്കുകയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ആമിർ ഖാന്റെ സിനിമകൾ കാണുന്ന ഹിന്ദു യുവാക്കൾ, ഇങ്ങനെയുള്ള നടന്മാരെ വളർത്തി വലുതാക്കുന്നതിന് മുൻപ് തങ്ങളുടെ കാഴ്ചപ്പാടുകൾ പുനഃപരിശോധിക്കണമെന്നും റാണെ കൂട്ടിച്ചേർത്തു.
ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ ‘ലവ് ജിഹാദ്’ ആണോ എന്ന രീതിയിലുള്ള ചർച്ചകൾ വളരെ സജീവമാണെന്ന് മന്ത്രി അവകാശപ്പെട്ടു. ഇത്തരം ആളുകളെ സെലിബ്രിറ്റികളായി കാണുന്നവർ തങ്ങളുടെ നിലപാടുകൾ മാറ്റണമെന്നും ഇവരുടെ സിനിമകൾ കാണണമോ വേണ്ടയോ എന്ന് ഹിന്ദു സമൂഹം ആലോചിക്കണമെന്നും റാണെ ആവശ്യപ്പെട്ടു.
ജൂലൈ 5-നാണ് വെൽനസ്-ബ്യൂട്ടി പ്രൊഫഷണലായ ഗൗരി സ്പ്രാറ്റിനെ ആമിർ ഖാൻ വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലെ പാലി ഹിൽസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. നേരത്തെ 1986 മുതൽ 2002 വരെ റീന ദത്തയുമായും, 2005 മുതൽ 2021 വരെ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവുമായും ഉള്ള ആമിർ ഖാന്റെ വിവാഹബന്ധങ്ങൾ വേർപിരിഞ്ഞിരുന്നു. നിതേഷ് റാണെയുടെ പരാമർശങ്ങളോട് സൂപ്പർ താരം ആമിർ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.