31/03/2026
[fontresizer_tawhidurrahmandear_widget]

ഗാസയിലെ ഇസ്രയേൽ നരഹത്യ വംശഹത്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം

 ഗാസയിലെ ഇസ്രയേൽ നരഹത്യ വംശഹത്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. ഫലസ്തീൻ വംശജയായ കോൺഗ്രസ് വനിത റാഷിദ ത്‌ലൈബ് ഉൾപ്പെടെ 21 നിയമസഭാംഗങ്ങളാണ് കഴിഞ്ഞ ദിവസം നിർണായക പ്രമേയം അവതരിപ്പിച്ചത്.

വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ യുഎസ് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിനുള്ള എല്ലാത്തരം ആയുധ കൈമാറ്റങ്ങളും ഉടൻ നിർത്തിവെക്കുകയും, അന്താരാഷ്ട്ര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഗസ്സയില്‍ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിച്ചിട്ടില്ലെന്ന് റാഷിദ ത്‌ലൈബ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യുഎസ് ഭരണകൂടം യുദ്ധക്കുറ്റങ്ങൾക്കും വംശീയ ഉന്മൂലനത്തിനും ഇസ്രയേലിന് ‘ബ്ലാങ്ക് ചെക്ക്’ നൽകി പിന്തുണയ്ക്കുകയാണെന്നും അവർ രൂക്ഷമായി വിമർശിച്ചു.

കൂട്ട സിവിലിയൻ കൊലപാതകങ്ങൾ, ജനങ്ങളെ നിർബന്ധിതമായി പട്ടിണിയിലേക്ക് തള്ളിവിടൽ, ജലം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രിത തകർച്ച, മുതിർന്ന ഇസ്രയേലി നേതാക്കളുടെ പ്രസ്താവനകൾ എന്നിവ വംശഹത്യയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകളായി പ്രമേയം എടുത്തുപറയുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ സൈന്യം 69,000-ത്തിലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതും പ്രമേയത്തിൽ ഊന്നിപ്പറയുന്നു.

അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടസ്, ഇൽഹാൻ ഒമർ, പ്രമീള ജയപാൽ, റോ ഖന്ന തുടങ്ങി പ്രമുഖ സെനറ്റര്‍മാരാണ് പ്രമേയത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്. യുഎൻ കമ്മീഷൻ ഓഫ് എൻക്വയറി, ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഗസ്സയിലെ ഇസ്രയേലിന്റെ നടപടികൾ വംശഹത്യക്ക് തുല്യമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Also read: