27/11/2026
[fontresizer_tawhidurrahmandear_widget]

ബഹിരാകാശത്തും ബീഫ് നിഹാരിയും ബട്ടർ ചിക്കനും!; ആദ്യ പാക് ബഹിരാകാശ സഞ്ചാരിക്ക് 100-ലധികം ഹലാൽ വിഭവങ്ങളൊരുക്കി ചൈന

 ബഹിരാകാശത്തും ബീഫ് നിഹാരിയും ബട്ടർ ചിക്കനും!; ആദ്യ പാക് ബഹിരാകാശ സഞ്ചാരിക്ക് 100-ലധികം ഹലാൽ വിഭവങ്ങളൊരുക്കി ചൈന

ബീജിങ്: ബഹിരാകാശ യാത്രയ്ക്കിടയിലും സ്വന്തം നാടിന്റെ തനത് രുചികൾ ആസ്വദിക്കാൻ പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷാൻ അലിക്ക് അവസരം. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് ബുധനാഴ്ച എത്തിയ അലിക്കായി ബട്ടർ ചിക്കൻ, ബീഫ് നിഹാരി, ലാമ്പ് കുറുമ, കടലക്കറി (ചോലെ) തുടങ്ങി 100ലധികം വിഭവങ്ങളാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ഷെൻഷോ-24 പേടകത്തിൽ ചൈനീസ് ബഹിരാകാശ സഞ്ചാരികളായ ടാങ് ഹോങ്ബോ, വു യി എന്നിവർക്കൊപ്പമാണ് അദ്ദേഹം നിലയത്തിലെത്തിയത്. ചൈനയുടെ ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്ന ആദ്യ വിദേശ സഞ്ചാരി കൂടിയാണ് പാകിസ്ഥാൻ വ്യോമസേന ഉദ്യോഗസ്ഥനായ മുഹമ്മദ് സീഷാൻ അലി.

ദക്ഷിണേഷ്യൻ ഭക്ഷണ സംസ്കാരവും ഹലാൽ മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട് ‘ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററാണ്’ ഈ പ്രത്യേക ഭക്ഷണക്രമം തയ്യാറാക്കിയത്. ബഹിരാകാശ സഞ്ചാരികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നാട്ടിലെ തനത് രുചി നിലനിർത്തുന്ന രീതിയിലാണ് ഏഴ് പാകിസ്ഥാനി വിഭവങ്ങൾ വികസിപ്പിച്ചെടുത്തത്. മഞ്ഞൾ, കറിമസാലകൾ എന്നിവയോടുള്ള അലിയുടെ താൽപ്പര്യം പരിഗണിച്ച് നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇവയ്ക്ക് അന്തിമരൂപം നൽകിയത്. ആദ്യഘട്ടത്തിൽ പാകിസ്ഥാനി മസാല ചായയായിരുന്നു പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ചൈനയിലെ പരിശീലന കാലയളവിൽ ചൈനീസ് കട്ടൻ ചായയോടും ചോറിനോടും അലിക്ക് താൽപ്പര്യം തോന്നിയതോടെ, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഇവയും ബഹിരാകാശ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. നിലയത്തിലുള്ള ആറ് സഞ്ചാരികൾക്കുമായി ചൈനീസ്-പാകിസ്ഥാനി വിഭവങ്ങൾ കോർത്തിണക്കിയ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

നിലയത്തിലുണ്ടായിരുന്ന മൂന്ന് ചൈനീസ് സഞ്ചാരികൾ ചേർന്ന് ഷെൻഷോ-24 സംഘത്തെ വരവേറ്റു. പരിചയപ്പെടുത്തൽ വേളയിൽ പ്രശസ്ത കവി അല്ലാമ മുഹമ്മദ് ഇക്ബാലിന്റെ ‘നക്ഷത്രങ്ങൾക്കപ്പുറം ഇനിയും ലോകങ്ങളുണ്ട്, പ്രണയത്തിന്റെ പരീക്ഷണങ്ങൾ ഇനിയും ബാക്കിയുണ്ട്’ എന്നർത്ഥം വരുന്ന വരികൾ അലി ചൊല്ലുകയും സഹപ്രവർത്തകർക്കായി പരിഭാഷപ്പെടുത്തി നൽകുകയും ചെയ്തു. ഹ്രസ്വകാല ബഹിരാകാശ വാസത്തിനിടയിൽ ലൈഫ് സയൻസ്, മെറ്റീരിയൽ സയൻസ് എന്നിവയുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായിരിക്കും അലി നേതൃത്വം നൽകുക. മൈക്രോഗ്രാവിറ്റിയിലെ സയനോബാക്ടീരിയയുടെ വളർച്ച, ബഹിരാകാശ സാഹചര്യങ്ങളിലെ ക്വിനോവ വിത്തുകളുടെ അതിജീവനം, ഗ്രാഫീൻ അധിഷ്ഠിത സംരക്ഷണ കവചങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Also read: