സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് RSS പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുമല സ്വദേശിയായ ആനന്ദ് തമ്പി ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്ന വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ആത്മഹത്യയിലേക്ക് നയിച്ച സമ്മർദ്ദങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുക.
തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്തുനിന്ന് താങ്ങാനാവാത്ത സമ്മർദ്ദമുണ്ടായതായി ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതാണ് ആനന്ദിന്റെ കുറിപ്പ്. “എൻ്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർ.എസ്.എസ്സുകാരനായി ജീവിച്ചിരുന്നു എന്നതാണ്. അത് തന്നെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതും,” എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. കൂടാതെ, ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ തൻ്റെ ഭൗതികശരീരം കാണാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. തുടർന്ന് മാത്രമേ സംസ്കാര ചടങ്ങുകൾ നടക്കൂ.