31/03/2026
[fontresizer_tawhidurrahmandear_widget]

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

 മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളിൽ ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബംഗ്ലാദേശിലെ ഇന്‍റര്‍നാഷനല്‍ ക്രൈം ട്രിബ്യൂണലിന്‍റെ നിർണായക വിധി.

രാജ്യത്തെ ജനങ്ങൾക്കെതിരെ നടന്ന കൂട്ടക്കൊല, പീഡനം ഉൾപ്പെടെ അഞ്ചിലേറെ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരുന്നത്. പ്രക്ഷോഭകാരികൾക്ക് നേരെ അധികാരം ഉപയോഗിച്ച് ആക്രമണം നടത്താൻ ഹസീന ആഹ്വാനം ചെയ്തുവെന്നും, വിദ്യാർഥികൾക്ക് നേരെ നടന്ന വെടിവെപ്പിനെക്കുറിച്ച് അവർക്ക് ധാരണയുണ്ടായിരുന്നുവെന്നും കേസ് പരിഗണിച്ച കോടതി കണ്ടെത്തി. ഈ കുറ്റങ്ങൾക്ക് പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം തന്റെ സർക്കാരിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഉടൻതന്നെ അവർ രാജ്യം വിട്ട അവര്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഇതിനുപിന്നാലെ, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റെടുക്കുകയും ഹസീനയ്‌ക്കെതിരെ വിവിധ കുറ്റകൃത്യങ്ങൾ ചുമത്തി കേസെടുക്കുകയുമായിരുന്നു.

കോടതി വിധിക്ക് മുമ്പ് തന്നെ തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ഹസീന പ്രതികരിച്ചിരുന്നു. ഇത്തരം വിധികളെ താൻ ശ്രദ്ധിക്കുന്നില്ലെന്നും വിശ്വസിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു.

“ഞാൻ ജീവിച്ചിരിപ്പുണ്ടാകും. ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ വീണ്ടും പ്രവർത്തിക്കും. ബംഗ്ലാദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും,” -അവർ അനുയായികളോട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നത് ബംഗ്ലാദേശ് ഭരണഘടനയനുസരിച്ച് ശിക്ഷാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Also read: