കീഴ്‌വഴക്കം തെറ്റിച്ച് ബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി അമിത് ഷാ; പുതിയ ശീലത്തിന് തുടക്കമിട്ട് ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി പാര്‍ലമെന്റ് അംഗത്തിന് ഔദ്യോഗികമായി മലയാളത്തില്‍ മറുപടി നല്‍കി. സിപിഎം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകള്‍ക്ക് സാധാരണഗതിയില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മറുപടി നല്‍കാറുണ്ടായിരുന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് അമിത് ഷായുടെ അപ്രതീക്ഷിത നീക്കം.
ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് ഒക്ടോബര്‍ 22ന് കത്തയച്ചത്. ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. വിഷയത്തില്‍ നിയമപരവും ഭരണഘടനാപരവുമായ ആശങ്കകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സാധാരണ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്നുവെന്നും ജുഡീഷ്യല്‍ കണ്ടെത്തലിന്റെ അഭാവത്തില്‍ ഒസിഐ കാര്‍ഡ് ഉടമകളെ ഏകപക്ഷീയമായ ശിക്ഷാനടപടികള്‍ക്ക് ഇരയാക്കുമെന്നും ബ്രിട്ടാസ് തന്റെ കത്തില്‍ സൂചിപ്പിച്ചിരുന്നു.
ബ്രിട്ടാസിന്റെ കത്തിന് മറുപടിയായാണ് അമിത് ഷാ മലയാളത്തില്‍ മറുപടി നല്‍കിയത്. താങ്കളുടെ കത്ത് ലഭിച്ചുയെന്ന് മാത്രം സൂചിപ്പിച്ച് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെയുള്ള മറുപടിയാണ് ആഭ്യന്തരമന്ത്രി നല്‍കിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായി നിലനില്‍ക്കുന്നതിനിടെയുള്ള ഈ മലയാളത്തിലുള്ള മറുപടി രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്.
1990ല്‍ യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് ഹിന്ദിയില്‍ അയച്ച കത്തിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ മലയാളത്തില്‍ മറുപടി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.