മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
വിശാഖപട്ടണം: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ സുരക്ഷാ സേന വധിച്ചത്. സുരക്ഷാ സേനകള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ 26 സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി സൈന്യം ആരോപിക്കുന്ന മാവോയിസ്റ്റ് നേതാവാണ്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ട്രൈജങ്ഷന്‍ മേഖലയോട് ചേര്‍ന്നാണ് സൈനിക ഓപറേഷന്‍ നടന്നത്. ഇവിടെ ഏറ്റുമുട്ടലില്‍ ഹിദ്മ ഉള്‍പ്പെടെ ആറ് വിമതരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഓപറേഷന്‍ തുടരുകയാണെന്നും ഉന്നത സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
1981ല്‍ സുക്മയില്‍ ജനിച്ച ഹിദ്മ, സിപിഐ മാവോയിസ്റ്റിന്റെ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇയാളെ പിടികൂടുന്നതിനായി 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നടന്ന നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഹിദ്മയ്ക്ക് പങ്കുള്ളതായി സൈന്യം പറയുന്നു. 2010ലെ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണം,
2013ലെ ജിറാം ഘാട്ടി ആക്രമണം, 2021ലെ സുക്മ-ബിജാപൂര്‍ ആക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടും.