ബംഗളൂരു മെട്രോയ്ക്ക് ബോംബ് ഭീഷണി; അറസ്റ്റിലായ 62- കാരൻ മനോരോഗി
ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) വ്യാജ ബോംബ് ഭീഷണി ഇ-മെയിൽ അയച്ച 62 വയസ്സുകാരൻ അറസ്റ്റിൽ. ബി.എസ്. രാജീവ് എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 13-ന് വൈകിട്ടാണ് മെട്രോയുടെ ഒരു സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിൽ ലഭിച്ചത്. ഇതേത്തുടർന്ന് മെട്രോ ശൃംഖലയിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
നവംബർ 13 രാത്രി 11:25-ഓടെ rajivsettyptp@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ബിഎംആർസിഎല്ലിന് ഭീഷണി സന്ദേശം ലഭിച്ചത്. ഡ്യൂട്ടി സമയത്തിന് ശേഷം തന്റെ മുൻ ഭാര്യ പദ്മിനിയെ മെട്രോ ജീവനക്കാർ മാനസികമായി ഉപദ്രവിക്കുന്നത് തുടർന്നാൽ മെട്രോ സ്റ്റേഷൻ തകർക്കും എന്നായിരുന്നു ഭീഷണി. ഭാര്യക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അധിക ജോലി അവസാനിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ബിഎംആർസിഎല്ലിന്റെ പരാതിയെ തുടർന്ന്
ഇ-മെയിലിന്റെ ഐപി വിലാസം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ബെംഗളൂരുവിനടുത്തുള്ള ബെൽത്തൂരിലെ വാടക മുറിയിൽ വെച്ച് നവംബർ 18-ന് പോലീസ് പിടികൂടി. ഡിപ്ലോമ ഉടമയായ രാജീവ് തൊഴിൽ രഹിതനാണ് . ഇയാൾ നടത്തിയിരുന്ന പ്രിന്റിംഗ് പ്രസ് സാമ്പത്തിക നഷ്ടം കാരണം അടച്ചുപൂട്ടിയിരുന്നു.
15 വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയ ഇയാൾക്ക് മക്കളില്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് ഇയാൾ നിലവിൽ ജീവിക്കുന്നത്. എന്നാൽ, രാജീവിന്റെ മുൻ ഭാര്യ പദ്മിനി ബിഎംആർസിഎല്ലിൽ ജോലി ചെയ്യുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മുൻ ഭാര്യയുടെ ക്ഷേമത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആശങ്കകളാണ് ഈ കൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ രാജീവ് സമ്മതിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഏകദേശം 50-ഓളം ഇ-മെയിൽ വിലാസങ്ങൾ ഉപയോഗിച്ച് ഇയാൾ വാർത്താ ഏജൻസികൾക്കും പോലീസിനും രാഷ്ട്രീയക്കാർക്കും മറ്റും സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. എന്നാൽ ഭീഷണി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയില്ല. സംഭവത്തിന്റെ വ്യാജ സ്വഭാവവും പ്രതിയുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് ഇയാളെ കൗൺസിലിംഗിനായി വീണ്ടും നിംഹാൻസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് മെട്രോ സർവീസുകൾക്ക് തടസ്സമുണ്ടായില്ലെങ്കിലും താൽക്കാലികമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരുന്നു.