03/04/2026
[fontresizer_tawhidurrahmandear_widget]

ഗാസിയാബാദ് ബോംബ് സ്ഫോടനം; ഇല്യാസിനെ ഭീകരനാക്കി ജയിലിൽ ഇട്ടത് 28 വർഷം

 ഗാസിയാബാദ് ബോംബ് സ്ഫോടനം; ഇല്യാസിനെ ഭീകരനാക്കി ജയിലിൽ ഇട്ടത് 28 വർഷം


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 1996-ല്‍ നടന്ന ബസ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് ഇല്യാസിനെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ സുപ്രധാന വിധി. കേസില്‍ മതിയായതും സംശയരഹിതവുമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍ മിശ്ര, മനീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇല്യാസിന്റെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയത്.

1996 ഏപ്രിൽ 27നാണ് ഗാസിയാബാദിലെ മോദിനഗറില്‍ ബസ്സിനുള്ളില്‍ സ്‌ഫോടനം നടന്നത്. കേസില്‍ ഇല്യാസിനെതിരെ വിചാരണക്കോടതി കുറ്റം കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഇല്യാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ വിധിന്യായത്തില്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളിലെ നിരവധി വൈരുദ്ധ്യങ്ങള്‍ എടുത്തു കാണിച്ചു. പ്രതിയെ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, ആദ്യ കുറ്റപത്രം സമര്‍പ്പിച്ച ശേഷവുമാണ്. കൂടാതെ, കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച ഏക ദൃക്‌സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി. സംശയത്തിന്റെ ആനുകൂല്യം ഇല്യാസിന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച്, ശിക്ഷ റദ്ദാക്കുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു കേസാണെങ്കിലും, 28 വര്‍ഷത്തോളം നിയമപോരാട്ടത്തിന്റെ കഷ്ടതകളും ദുരിതവും അനുഭവിച്ച ഒരു വ്യക്തിയെ ശിക്ഷിക്കാന്‍ നിയമപരമായ തെളിവുകള്‍ അനിവാര്യമാണ്. കേസില്‍ വിചാരണക്കോടതിയുടെ വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇല്യാസിന്റെ ഈ ദുരിതത്തില്‍ ‘അത്യധികം ഖേദത്തോടെ’യാണ് വിധി പ്രസ്താവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

നീണ്ട 28 വര്‍ഷക്കാലം നീതിന്യായ വ്യവസ്ഥയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടന്ന ഇല്യാസിന് ഈ വിധി വലിയ ആശ്വാസമാണ് നല്‍കുന്നത്. ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഇല്യാസിനെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കും.

Also read: