അച്ഛനും പ്രതിശ്രുത വരനും ആശുപത്രിയില്‍; ഇന്‍സ്റ്റഗ്രാമിലെ വിവാഹ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് സ്മൃതി മന്ദാന
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, സംഗീതജ്ഞന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സ്മൃതിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഇന്ത്യന്‍ ടീമിലെ സഹതാരവുമായ ജെമീമ റോഡ്രിഗസും തന്റെ പ്രൊഫൈലില്‍ നിന്ന് വിവാഹനിശ്ചയ വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
സ്മൃതിയും പലാഷും നവംബര്‍ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാകാനിരിക്കുകയായിരുന്നു. വിവാഹ ആഘോഷങ്ങളുടെ ആദ്യദിവസം തന്നെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയസംബന്ധമായ അസുഖം പ്രകടമായതോടെയാണ് സാഹചര്യം മാറിയത്. അദ്ദേഹത്തെ ഞായറാഴ്ച സാംഗ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹാഘോഷങ്ങള്‍ക്കിടെ പിതാവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് കുടുംബ ഡോക്ടര്‍ നമന്‍ ഷാ പറഞ്ഞു. ഇസിജിയിലും പരിശോധനകളിലും കാര്‍ഡിയാക് എന്‍സൈം ഉയര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
അതേ ദിവസം തന്നെ സ്മൃതിയുടെ പ്രതിശ്രുത വരന്‍ പലാഷ് മുചാലിനെയും വൈറല്‍ അണുബാധയും അസിഡിറ്റി പ്രശ്‌നങ്ങളും കാരണം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവസ്ഥ ഗുരുതരമല്ലെന്നും പിന്നീട് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇപ്പോള്‍ സ്മൃതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വിവാഹനിശ്ചയ വീഡിയോ, പ്രഖ്യാപനങ്ങള്‍, റീലുകള്‍, വിവാഹാഭ്യര്‍ത്ഥന ദൃശ്യങ്ങള്‍ മുഴുവനും നീക്കംചെയ്തിരിക്കുകയാണ്. എന്നാല്‍, വിവാഹ പ്രഖ്യാപനത്തിന് മുന്‍പ് പലാഷിനൊപ്പമുള്ള ചില ചിത്രങ്ങള്‍ ഇപ്പോഴും അക്കൗണ്ടില്‍ നിലനില്‍ക്കുന്നുണ്ട്.
2019 മുതല്‍ പ്രണയത്തിലായിരുന്ന സ്മൃതിയും പലാഷും വനിതാ ലോകകപ്പ് ഫൈനല്‍ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഒരുമിച്ച് പങ്കെടുത്തതടക്കം പൊതുവേദികളില്‍ പലപ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.