2 കോടി പേരുടെ ആധാര്‍ ഐഡികള്‍ റദ്ദാക്കി; യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് വിവരം പുറത്തുവിട്ടത്
ന്യൂഡല്‍ഹി: ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രവര്‍ത്തിയുടെ ഭാഗമായി മരിച്ച രണ്ട് കോടിയിലധികം പൗരന്‍മാരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കിയതായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) അറിയിച്ചു.
രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) പോലുള്ള കേന്ദ്ര ഏജന്‍സികളില്‍ നിന്ന് യുഐഡിഐഐ ഡാറ്റ ശേഖരിച്ചതിനെ തുടര്‍ന്നാണ് നീക്കമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ 100 വയസ്സിനു മുകളില്‍ പ്രായമുള്ള ആധാര്‍ നമ്പര്‍ ഉടമകളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവെച്ച് പരിശോധിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമും നടത്തും.
അതേസമയം, പൊതുവിതരണ സംവിധാനം, ദേശീയ സാമൂഹിക സഹായ പരിപാടി തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ ഡാറ്റാബേസിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന നീക്കത്തില്‍, മരിച്ചവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനും യുഐഡിഎഐ ശ്രമിക്കുന്നതായാണ് വിവരം.
ആധാര്‍ നമ്പര്‍ ഒരിക്കലും വ്യക്തിക്ക് പുതുക്കി നല്‍കില്ല. അതേസമയം, വ്യക്തിയുടെ മരണമുണ്ടായാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തിരിച്ചറിയല്‍ അല്ലെങ്കില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിന് അവരുടെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കേണ്ടതുണ്ട്.
ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗിക്കുന്ന കുടുംബാംഗങ്ങളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി യുഐഡിഎഐ ആധാര്‍ പോര്‍ട്ടലില്‍ സൗകര്യം ആരംഭിച്ചിരുന്നു. ശേഷിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രക്രിയ നിലവില്‍ നടന്നുവരികയാണെന്നും യുഐഡിഎഐ അറിയിച്ചു.