‘ബാദുഷ ചാരിറ്റിയുടെ പേരിലും ലക്ഷങ്ങള്‍ വാങ്ങി; 20 ലക്ഷത്തിന്റെ കടം തിരിച്ചുചോദിച്ചപ്പോള്‍ സിനിമ മുടക്കി’; ആരോപണങ്ങളുമായി ഹരീഷ് കണാരന്‍
കോഴിക്കോട്: സിനിമാ നിര്‍മാതാവ് ബാദുഷയ്ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. കടമായി നല്‍കിയ 20 ലക്ഷം രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമെ, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലും ബാദുഷ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്ന് ഹരീഷ് കണാരന്‍ തുറന്നടിച്ചു. പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് തന്റെ സിനിമാ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് ഒരു അഭിമുഖത്തിലാണ് തന്റെ ദുരിതത്തിന് പിന്നിലെ കാരണം ഹരീഷ് തുറന്നു പറഞ്ഞത്. ’20 ലക്ഷത്തിനു പുറമെ ചാരിറ്റി പറഞ്ഞും ലക്ഷത്തിലേറെ വാങ്ങിയിട്ടുണ്ട്. സിനിമകള്‍ മുടക്കി; എന്നെ കുറിച്ച് പലയിടത്തും മോശം പറഞ്ഞു പരത്തി.’-ഹരീഷ് വെളിപ്പെടുത്തി.
ഏകദേശം അഞ്ച് വര്‍ഷത്തോളം തന്റെ ഡേറ്റുകളും കാര്യങ്ങളും നോക്കി നടത്തിയിരുന്നതിലുള്ള വിശ്വാസത്തിലാണ് ബാദുഷയ്ക്ക് താന്‍ പണം നല്‍കിയതെന്നും താരം പറയുന്നു. എന്നാല്‍, വീടുപണി ആവശ്യത്തിനായി പണം തിരികെ ചോദിച്ചതോടെ ബാദുഷ തനിക്കെതിരെ പകപോക്കി തുടങ്ങി. ടൊവിനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’ ഉള്‍പ്പെടെയുള്ള സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കി. തനിക്ക് ഡേറ്റില്ലെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ് പലയിടത്തും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചത് സിനിമാ ജീവിതത്തെ ബാധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം താന്‍ സിനിമയില്‍ സജീവമല്ലാതിരുന്നുവെന്നും ഹരീഷ് പറഞ്ഞു.
‘നമ്മള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ്. നമ്മുടെ മക്കള്‍ക്ക് വേണ്ടിയുള്ള പണം. അങ്ങോട്ട് ഒരു സഹായം ചെയ്തതാണ്. സഹായം മാത്രമേ ചെയ്തിട്ടുള്ളൂ. അതിന് എന്റെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ,’-ഹരീഷ് ചോദിച്ചു.
വെളിപ്പെടുത്തലിന് ശേഷം ബാദുഷയുടെ ഭാഗത്ത് നിന്നോ, താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഹരീഷ് കണാരന്‍ കൂട്ടിച്ചേര്‍ത്തു.