12-ാം വയസില്‍ വിവാഹം,ജാതി പീഡനങ്ങള്‍; 112 മില്യൺ ഡോളറിൻ്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കൽപ്പന സരോജ് എന്ന പോരാളി
മഹാരാഷ്ട്രയിലെ പൊടിപിടിച്ച ഗ്രാമീണ ഇടവഴികളില്‍ നിന്ന് മുംബൈയിലെ പ്രമുഖ കമ്പനിയായ കമാനി ട്യൂബ്സിന്റെ ബോര്‍ഡ് റൂമിലേക്കുള്ള കല്‍പന സരോജിന്റെ യാത്ര, നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമാണ്. 112 മില്യണ്‍ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഈ വനിതാ സംരംഭക രാജ്യശ്രദ്ധ നേടിയെടുത്തത് തകര്‍ന്നടിഞ്ഞ ഒരു കമ്പനിയെ ലാഭത്തിലേക്ക് തിരികെക്കൊണ്ടുവന്നതിലൂടെയാണ്.
പോരാട്ടങ്ങളുടെ ആദ്യകാലം
മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ ഒരു ദലിത് കുടുംബത്തിലാണ് കല്‍പന ജനിച്ചത്. ദാരിദ്ര്യവും കടുത്ത സാമൂഹിക വിവേചനവും നേരിട്ടാണ് അവര്‍ വളര്‍ന്നത്. കോണ്‍സ്റ്റബിളായിരുന്ന പിതാവ് കുടുംബം പോറ്റാന്‍ പരമാവധി ശ്രമിച്ചെങ്കിലും പോലീസ് ക്വാര്‍ട്ടേഴ്സിലെ ജീവിതവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ചെറുപ്പത്തില്‍ തന്നെ സ്‌കൂളില്‍ കല്‍പ്പനയ്ക്ക് ജാതി വിവേചനം നേരിടേണ്ടി വന്നു. അധ്യാപകര്‍ മാറ്റിയിരുത്തുകയും സഹപാഠികള്‍ ഒഴിവാക്കുകയും ചെയ്തു. എങ്കിലും വിദ്യാഭ്യാസത്തെ വിലമതിച്ച അവര്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയായി തുടര്‍ന്നു.
12 വയസ്സുള്ളപ്പോള്‍, മാതാപിതാക്കള്‍ അവളെ വിവാഹം കഴിപ്പിച്ച് മുംബൈയിലെ കഷ്ടപ്പാടുകളിലേക്ക് പറിച്ചുനട്ടു. ഭര്‍ത്താവിന്റെ പത്തുപേരടങ്ങുന്ന കൂട്ടുകുടുംബത്തോടൊപ്പമുള്ള ജീവിതം കഠിനമായിരുന്നു. നിരന്തരമായ ഗാര്‍ഹിക പീഡനങ്ങളും പോഷകാഹാരക്കുറവും അവളെ രോഗിയാക്കി. ഒടുവില്‍ പിതാവ് അവളെ രക്ഷപ്പെടുത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍, വിവാഹശേഷം വീട്ടില്‍ തിരിച്ചെത്തിയത് സമൂഹത്തില്‍ കളങ്കമായി കണക്കാക്കപ്പെട്ടു. ഈ ദുരിതങ്ങളെല്ലാം അവളെ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍, അത്ഭുതകരമായി അവര്‍ അതിജീവിച്ചു.
അതിജീവനത്തില്‍ നിന്ന് വിജയത്തിലേക്ക്
രണ്ടാമത് ലഭിച്ച ഈ ജീവിതത്തെ ഒരു അവസരമായിക്കണ്ട് കല്‍പന സരോജ് സ്വന്തം വഴി കണ്ടെത്താന്‍ തീരുമാനിച്ചു. മുംബൈയിലേക്ക് തിരികെ പോയ അവര്‍ ഒരു വസ്ത്രനിര്‍മാണശാലയില്‍ അസിസ്റ്റന്റ് ടെയ്ലറായി ജോലി ചെയ്യാന്‍ തുടങ്ങി. കഠിനാധ്വാനം കൊണ്ട് വേഗത്തില്‍ ടെയ്ലറിങ്ങില്‍ പ്രാവീണ്യം നേടിയ കല്‍പന സ്ഥാനക്കയറ്റം നേടി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ പണം ലാഭിച്ച അവര്‍ കുടുംബത്തിനായി ഒരു മുറിയുള്ള ഫ്ലാറ്റ് വാടകയ്ക്കെടുത്തു.
എന്നാല്‍, അനുജത്തി രോഗബാധിതയായി ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ദുരന്തം ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനുള്ള അവരുടെ ദൃഢനിശ്ചയം വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ പഠിച്ചറിഞ്ഞ അവര്‍ വായ്പയെടുത്ത് ഒരു ഫര്‍ണിച്ചര്‍ ബിസിനസ്സ് ആരംഭിച്ചു. ദിവസവും 16 മണിക്കൂറിലധികം ജോലി ചെയ്ത് അവര്‍ സ്വന്തം സംരംഭക അഭിലാഷങ്ങള്‍ക്ക് അടിത്തറയിട്ടു.
കമാനി ട്യൂബ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
1959-ല്‍ റാംജി എച്ച്. കമാനി സ്ഥാപിച്ച കമാനി ട്യൂബ്സ് എന്ന പ്രമുഖ നോണ്‍ഫെറസ് മെറ്റല്‍ കമ്പനി 1988-ല്‍ കടം കാരണം തൊഴിലാളികള്‍ക്ക് താക്കോല്‍ കൈമാറി പാപ്പരത്തം പ്രഖ്യാപിച്ച അവസ്ഥയിലായിരുന്നു. 2006-ല്‍ ഈ കമ്പനിയിലെ തൊഴിലാളികള്‍ സഹായത്തിനായി കല്‍പനയെ സമീപിച്ചു. കമ്പനിയുടെ തകര്‍ന്ന ആസ്തികള്‍ ഏറ്റെടുത്ത കല്‍പന, പത്ത് അംഗങ്ങളുള്ള ഒരു കോര്‍ ടീമിനെ രൂപീകരിച്ചു. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും ലാഭത്തിലേക്ക് നയിക്കാനും അവര്‍ അക്ഷീണം പ്രയത്‌നിച്ചു.
കല്‍പനയുടെ നേതൃത്വത്തില്‍ കമാനി ട്യൂബ്സ് പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഇന്ന് 100 കോടിയിലധികം രൂപയുടെ വരുമാനം നേടുന്ന നിലയിലേക്ക് ഈ കമ്പനി വളര്‍ന്നു. ജാതിയുടെയും ദാരിദ്ര്യത്തിന്റെയും പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് കല്‍പ്പന സരോജ് പ്രതീക്ഷയുടെ കിരണമാണ്.