തിരുവനന്തപുരത്തെ തിയറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ടെലഗ്രാമിലും അശ്ലീല സൈറ്റുകളിലും; അന്വേഷണം
തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ വൻ സുരക്ഷാ വീഴ്ച. തിയറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. കെ.എസ്.എഫ്.ഡി.സിയുടെ (KSFDC) കീഴിലുള്ള കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിലെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ വ്യാപകമായി ചോർന്നത്.
സിനിമ കാണാനെത്തുന്നവരുടെ, പ്രത്യേകിച്ച് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ദൃശ്യങ്ങൾ വിദേശ പോൺ സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം ഈടാക്കിയും വിൽപ്പന നടത്തുന്നതായും വിവരമുണ്ട്.
തിയറ്ററുകളിലെ സിസിടിവി ക്യാമറകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്നതാണ് (Cloud based system) ദൃശ്യങ്ങൾ ചോരാൻ പ്രധാന കാരണമായതെന്ന് കരുതപ്പെടുന്നു. ക്യാമറകളുടെ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന പാസ്വേഡുകൾ ദുർബലമായിരുന്നതും ഹാക്കർമാർക്ക് സഹായകമായിട്ടുണ്ടാകാം. പുറത്തുനിന്നുള്ളവർ ഹാക്ക് ചെയ്തതാണോ അതോ ജീവനക്കാരിൽ ആരെങ്കിലും ദൃശ്യങ്ങൾ ചോർത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വാർത്ത പുറത്തുവന്നതിനെ തുടർന്ന് കെ.എസ്.എഫ്.ഡി.സി കർശന നടപടികൾ സ്വീകരിച്ചു. തിയറ്ററുകളിലെ സിസിടിവി സംവിധാനത്തിന്റെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു. ദൃശ്യങ്ങൾ ക്ലൗഡ് വഴി പുറത്തുപോകുന്നത് തടയാൻ നടപടിയെടുത്തു. സംഭവത്തിൽ വിശദമായ ആഭ്യന്തര അന്വേഷണത്തിന് കെ.എസ്.എഫ്.ഡി.സി ഉത്തരവിട്ടിട്ടുണ്ട്