‘മുടക്കമില്ലാതെ ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നു; നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളുമൊന്നും എന്നെ തളര്‍ത്തില്ല’; പ്രതികരണവുമായി ഉസ്മാന്‍ ഖവാജ
ബ്രിസ്ബേന്‍: പരിക്കിനെത്തുടര്‍ന്ന് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും ശക്തമായ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. (‘Your hate and negativity cannot bring me down’: Australian Cricketer Usman Khawaja’s powerful response to social media abuse)
”എല്ലാ ദിവസവും, ഒരു മുടക്കവുമില്ലാതെ, അഞ്ചുനേരം ഇതാണ്… എന്നിട്ടും നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളും എന്നെ തളര്‍ത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അതിന്റെ അടുത്തെങ്ങും എത്താന്‍ കഴിയില്ല. ഞാനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍; എപ്പോഴും അങ്ങനെത്തന്നെ. ഏറ്റവും ചുരുങ്ങിയത് ഞാന്‍ ജീവിതത്തെ കാണുന്നത് അങ്ങനെയാണ്. അല്‍ഹംദുലില്ലാഹ്.”-നമസ്‌കരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഖവാജ കുറിച്ചു.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയേറ്റ നടുവേദനയെത്തുടര്‍ന്ന് ബ്രിസ്ബേനില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്ന് ഖവാജയെ ഒഴിവാക്കിയിരുന്നു. 38 വയസ്സുകാരനായ ഖവാജയുടെ ഫോമും പരിക്കും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ അവസാന ഘട്ടത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പെര്‍ത്തിലെ പിച്ചിനെ താരം ‘മോശം’ എന്ന് വിശേഷിപ്പിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അതൃപ്തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഖവാജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്. ഖവാജയുടെ അഭാവത്തില്‍ ട്രാവിസ് ഹെഡ് ആണ് രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കായി ഓപണ്‍ ചെയ്തത്. ടീമിനൊപ്പം തുടര്‍ന്ന് ചികിത്സ പൂര്‍ത്തിയാക്കാനാണ് ഖവാജയുടെ തീരുമാനം.