01/04/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യൻ അരി യുഎസിലേക്ക് തള്ളരുത്; പുതിയ തീരുവ മുന്നറിയിപ്പുമായി ട്രംപ്

 ഇന്ത്യൻ അരി യുഎസിലേക്ക് തള്ളരുത്; പുതിയ തീരുവ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുടെ അരിക്കും കാനഡയുടെ വളത്തിനും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കുന്നതിനായി തീരുവകൾ കർശനമായി ഉപയോഗിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ട്രംപ് ആവർത്തിച്ചു.

ഇറക്കുമതി നികുതി വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്, അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളറിന്റെ പുതിയ സാമ്പത്തിക സഹായ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ, പ്രത്യേകിച്ച് അരി കർഷകരെ, ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.

അരി ഇറക്കുമതി സംബന്ധിച്ച ചർച്ചയ്ക്കിടെ, ഇന്ത്യൻ സ്ഥാപനങ്ങളുടെ ബ്രാൻഡുകളാണ് യുഎസിലെ റീട്ടെയിൽ അരി വിപണിയിൽ മുന്നിട്ട് നിൽക്കുന്നതെന്ന് ലൂസിയാനയിൽ നിന്നുള്ള കർഷകൻ പരാതിപ്പെട്ടു. ഇതിനോട് പ്രതികരിച്ച ട്രംപ്, ‘ഇന്ത്യ അവരുടെ അരി യുഎസിലേക്ക് തള്ളിവിടാൻ പാടില്ല. അത് പരിഹരിക്കാൻ വളരെ എളുപ്പമാണ്… തീരുവകൾ. രണ്ട് മിനിറ്റിനുള്ളിൽ പ്രശ്‌നം പരിഹരിക്കാൻ തീരുവകൾക്കാവും,’ എന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കാനഡയിൽനിന്നുള്ള വളം ഇറക്കുമതിക്ക് കടുപ്പമേറിയ തീരുവകൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതയും ട്രംപ് നിർദ്ദേശിച്ചു.

കർഷകരെ രാജ്യത്തിന്റെ നട്ടെല്ലായി വിശേഷിപ്പിച്ച ട്രംപ്, അമേരിക്കൻ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ തന്ത്രത്തിലെ പ്രധാന ഘടകമാണ് തീരുവ സമ്മർദമെന്നും വ്യക്തമാക്കി. വ്യാപാര ബന്ധങ്ങൾ സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരു രാജ്യങ്ങളുമായും മുന്നോട്ട് പോകുന്നില്ലെന്നിരിക്കെ, യുഎസ് പ്രതിനിധി സംഘം ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുമെങ്കിലും വലിയ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

Also read: