ഇങ്ങനെപേടിച്ചാലോ! വൈഭവിന്‍റെ വിക്കറ്റില്‍ തുള്ളിച്ചാടി പാക് ആഘോഷം
ദുബൈ: അണ്ടർ 19 ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനിടെ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് ആഘോഷമാക്കി പാകിസ്ഥാൻ ടീം. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ 171 റൺസ് അടിച്ച് റെക്കോർഡിട്ട 14-കാരനായ വൈഭവ്, പാകിസ്ഥാനെതിരെയും അതേ മികവ് ആവർത്തിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇന്നലെ ദുബൈയിലെ ഐസിസി അക്കാദമിയിൽ ചിരവൈരികള്‍ക്കെതിരെ നടന്ന മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് പന്തിൽ നിന്ന് വെറും അഞ്ച് റൺസ് മാത്രമാണ് വൈഭവിന് നേടാനായത്. നാലാം ഓവറിൽ പാക് പേസർ മുഹമ്മദ് സയ്യാം എറിഞ്ഞ വേഗത കുറഞ്ഞ പന്തിൽ വൈഭവ് കുടുങ്ങി. ബാറ്റ് വെച്ച വൈഭവിന് പിഴച്ചു; പന്ത് നേരെ ബൗളറുടെ കൈകളിലേക്ക്. സ്വന്തം ബൗളിങ്ങില്‍ ക്യാച്ച് എടുത്ത് സയ്യാം വിക്കറ്റ് ഉറപ്പിച്ചു.
വൈഭവ് പുറത്തായതോടെ പാക് ക്യാമ്പിൽ ആവേശം അണപൊട്ടി. വിക്കറ്റ് നേടിയ സയ്യാം ഗ്രൗണ്ടിൽ ഓടിനടന്ന് ആഘോഷിച്ചു. പാകിസ്ഥാൻ ഡഗ്ഔട്ടിലുണ്ടായിരുന്ന മെന്ററും മുൻ പാക് നായകനുമായ സർഫറാസ് അഹമ്മദ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് വിക്കറ്റിനെ വരവേറ്റത്. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഏറ്റവും അപകടകാരിയായ താരത്തെ തുടക്കത്തിലേ മടക്കാനായത് പാകിസ്ഥാന് വലിയ ആശ്വാസമായിരുന്നു.
വൈഭവ് മടങ്ങിയെങ്കിലും ക്യാപ്റ്റൻ ആയുഷ് മാത്രെയും (38), അർധസെഞ്ച്വറി നേടിയ ആരോൺ ജോർജും (85) ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഒടുവിൽ 46.1 ഓവറിൽ 240 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളർമാർ പാകിസ്ഥാനെ വരിഞ്ഞുമുറുക്കി. 150 റൺസിന് പാകിസ്ഥാൻ ഓൾ ഔട്ടായതോടെ 90 റൺസിന്റെ ഉജ്ജ്വല ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും പാക് ക്യാപ്റ്റന്റെ വിക്കറ്റ് വീഴ്ത്തി വൈഭവ് മത്സരത്തിൽ മധുരപ്രതികാരം ചെയ്തു.