11/06/2026
[fontresizer_tawhidurrahmandear_widget]

ജറുസലേമിൽ ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ് തീവ്ര ജൂത സംഘം; വൻ സംഘർഷം

 ജറുസലേമിൽ ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ് തീവ്ര ജൂത സംഘം; വൻ സംഘർഷം

ജറുസലേം: ജറുസലേമിൽ വൻ സുരക്ഷാ വീഴ്ചയും സംഘർഷവും. തീവ്ര യാഥാസ്ഥിതികരായ ജൂത വിഭാഗക്കാർ ഇസ്രയേൽ സൈനികർ (IDF) സഞ്ചരിച്ച ബസിന് നേരെ കല്ലേറ് നടത്തി. വ്യാഴാഴ്ച നടന്ന അക്രമസംഭവങ്ങളിൽ 13 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും നിരവധി സൈനിക വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

പാർക്കിംഗ് നിയമലംഘനവുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ കലാപത്തിൽ കലാശിച്ചത്. ബാർ-ഇലാൻ റോഡിൽ പാർക്കിംഗ് ടിക്കറ്റ് നൽകുന്നതിനിടെ, നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒളിച്ചോടിയ ചിലരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവർ അക്രമാസക്തരാവുകയായിരുന്നു.

അക്രമികൾ ഒരു കാർ മറിച്ചിടുകയും സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഇതിനിടെയാണ് അതുവഴി വന്ന സൈനിക ബസിന് നേരെ കല്ലേറുണ്ടായത്.

ബസിലുണ്ടായിരുന്ന സൈനികർ പുറത്തിറങ്ങി പോലീസിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും, ജനക്കൂട്ടം ആക്രമണം ശക്തമാക്കിയതോടെ അവർക്ക് ബസിനുള്ളിലേക്ക് തന്നെ പിൻവാങ്ങേണ്ടി വന്നു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചു. അക്രമത്തിൽ പങ്കെടുത്ത നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ യെഷ് അതിദ് പാർട്ടി എം.പി നയോർ ഷിരി രൂക്ഷമായി പ്രതികരിച്ചു. അക്രമികൾക്ക് നേരെ വെടിയുതിർക്കണമായിരുന്നു എന്ന തരത്തിൽ അദ്ദേഹം നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് പിന്നീട് പിൻവലിച്ചു.

Also read: