ഇനി മൂത്രം പറയും നിങ്ങളുടെ ‘യഥാര്‍ഥ’ പ്രായം! വാര്‍ധക്യം അളക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍
ബെയ്ജിംഗ്: പ്രായം എന്നത് ജനനത്തീയതി വച്ച് കണക്കാക്കുന്ന ഒന്നാണെന്നാണ് നമ്മള് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് കൃത്യമായി പറയാന്‍ ഇനി വെറും ഒരു മൂത്രപരിശോധനയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ‘യൂറിന്‍ ഏജിംഗ് ക്ലോക്ക്’ (Urine Aging Clock) എന്ന് വിളിക്കപ്പെടുന്ന ഈ പുത്തന്‍ സാങ്കേതികവിദ്യ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വലിയ വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ശരീരത്തിലെ ആര്‍എന്‍എ (RNA) തന്മാത്രകള്ക്ക് സംഭവിക്കുന്ന തേയ്മാനം മൂലം ഉണ്ടാകുന്ന 8ഓക്സോജിഎസ്എന് (8-oxoGsn) എന്ന രാസവസ്തുവാണ് ഇവിടെ പ്രധാന വില്ലന്‍. പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂത്രത്തില്‍ ഈ രാസവസ്തുവിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. 20 വയസ്സ് കഴിഞ്ഞവരിലാണ് ഇത് പ്രധാനമായും പ്രകടമാകുന്നത്.
ചുളിവുകളോ നരച്ച മുടിയോ നോക്കി ഒരാളുടെ പ്രായം അളക്കുന്നതിനേക്കാള്‍ കൃത്യമായി, ശരീരത്തിന് ഉള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രവചിക്കാന്‍ പരിശോധന സഹായിക്കും.
ഒരാളുടെ ജൈവിക പ്രായം (Biological Age) കുറയ്ക്കാന്‍ നിലവില്‍ ചെയ്യുന്ന വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും ഫലപ്രദമാണോ എന്ന് പരിശോധിക്കാനും പരിശോധന മൂലം എളുപ്പമാണ്. ഗര്‍ഭധാരണ പരിശോധന(Pregnancy tets)
പോലെ ലളിതമായ രീതിയില്‍ ഭാവിയില്‍ ഇത് ലഭ്യമായേക്കായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ 1,200ഓളം ആളുകളില്‍ നടത്തിയ പഠനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമാക്കാനാണ് ഗവേഷകരുടെ തീരുമാനം.