27/01/2026

രക്തം കാണുമ്പോൾ തലകറക്കം വരാറുണ്ടോ? പേടിക്കേണ്ട, കാരണമിതാണ്

 രക്തം കാണുമ്പോൾ തലകറക്കം വരാറുണ്ടോ? പേടിക്കേണ്ട, കാരണമിതാണ്

രക്തം കാണുമ്പോഴോ മുറിവുകൾ സംഭവിക്കുമ്പോഴോ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇത് ഹൃദ്രോഗമോ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോ ആണെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

‘തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുമ്പോഴാണ് ബോധക്ഷയം അഥവാ സിൻകോപ്പ് ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി ഇത് സംഭവിക്കാം,’ എന്ന് നോർത്ത് വെസ്‌റ്റേൺ മെഡിസിനിലെ കാർഡിയോളജിസ്റ്റ് ഡോ. അഖിൽ നാരംഗ് വ്യക്തമാക്കുന്നു. വൈദ്യശാസ്ത്രത്തിൽ ‘വാസോവേഗൽ സിൻകോപ്പ്’ (Vasovagal Syncope) എന്നറിയപ്പെടുന്ന അവസ്ഥ നമ്മുടെ നാഡീവ്യവസ്ഥയുടെ സ്വാഭാവിക റിഫ്‌ലെക്‌സ് മാത്രമാണ്.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
നമ്മുടെ ശരീരത്തിലെ പ്രധാന നാഡിയായ വാഗസ് നാഡി (Vagus Nerve) വൈകാരികമോ ശാരീരികമോ ആയ സമ്മർദ്ദങ്ങളോട് അമിതമായി പ്രതികരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാകാം:

*രക്തം കാണുന്നത്: മുറിവോ രക്തമോ കാണുന്നത് ചിലരിൽ വാഗസ് നാഡിയെ ഉടനടി ഉത്തേജിപ്പിക്കുന്നു.

*ശാരീരിക സമ്മർദ്ദം: ദീർഘനേരം ഒരേ നിൽപ്പ് നിൽക്കുന്നതോ പെട്ടെന്ന് എഴുന്നേൽക്കുന്നതോ ഇതിന് കാരണമാകാം.

*നിർജ്ജലീകരണവും ക്ഷീണവും: ശരീരത്തിൽ ജലാംശം കുറയുന്നതും വിശപ്പും ബോധക്ഷയത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

*വൈകാരിക ക്ലേശം: പെട്ടെന്നുണ്ടാകുന്ന ഭയം അല്ലെങ്കിൽ കഠിനമായ മാനസിക സമ്മർദ്ദം.

മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാം
ബോധക്ഷയത്തിന് തൊട്ടുമുമ്പ് ശരീരം ചില അടയാളങ്ങൾ നൽകുമെന്ന് ഡോ. നാരംഗ് പറയുന്നു. ‘വീഴുന്നത് തടയാൻ ഈ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. മിക്ക എപ്പിസോഡുകളും അപകടകരമല്ലെങ്കിലും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വീഴ്ച പരിക്കുകൾക്ക് കാരണമായേക്കാം.’

*പെട്ടെന്നുണ്ടാകുന്ന തലകറക്കം.

*കാഴ്ച മങ്ങുകയോ തുരങ്ക ദർശനം (Tunnel vision) അനുഭവപ്പെടുകയോ ചെയ്യുക.

*അമിതമായ വിയർപ്പും വിളറിയ ചർമ്മവും.

*ഓക്കാനം അല്ലെങ്കിൽ കൈപ്പത്തികൾ നനയുക.

ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചെയ്യേണ്ടവ

*കിടക്കുക: തറയിൽ കിടന്ന് കാലുകൾ ഉയർത്തി വെക്കുക. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ സഹായിക്കും.

*ഇരിക്കുക: കിടക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ മുട്ടുകൾക്കിടയിൽ തല വെച്ച് ഇരിക്കുക.

*പേശികൾ മുറുക്കുക: കൈകൾ മുറുക്കി പിടിക്കുകയോ കാലുകൾ പിണച്ചു വെക്കുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം ഉയർത്താൻ സഹായിക്കും.

‘നമ്മളിൽ ഏകദേശം മൂന്നിലൊന്ന് പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ബോധക്ഷയം അനുഭവപ്പെടാം,’ ഡോ. നാരംഗ് പറായുന്നു. ഭൂരിഭാഗം കേസുകളിലും ഇത് സാധാരണമാണെങ്കിലും, ബോധക്ഷയം ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ ഹൃദയ സംബന്ധമായ കാരണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ഇത്തരം ശാരീരിക പ്രതികരണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

Also read: