ഗസ്സയിൽ പ്രത്യാശയുടെ തിരിനാളം; രണ്ട് വർഷത്തിന് ശേഷം പള്ളിമുറ്റത്ത് ക്രിസ്മസ് വിളക്കുകൾ തെളിഞ്ഞു
ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും ക്രിസ്മസ് മണികൾ മുഴങ്ങി. യുദ്ധം തകർത്താടിയ ഗസ്സ മുനമ്പിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ചർച്ചിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ക്രിസ്മസ് ട്രീ അലങ്കരിക്കുകയും വിളക്കുകൾ തെളിക്കുകയും ചെയ്തു. കടുത്ത ദുരന്തങ്ങൾക്കിടയിലും അതിജീവനത്തിന്റെ ആവേശവുമായാണ് വിശ്വാസികൾ ഇത്തവണ പാതിരാകുർബാനയ്ക്കായി പ്രാർത്ഥനാ ഹാൾ നിറച്ചെത്തിയത്.
കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് താൽ അൽഹവയിൽ നിന്നും മറ്റും പലായനം ചെയ്യേണ്ടി വന്ന നൂറുകണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനയോടെ എത്തിയത്. യുദ്ധത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾക്കിടയിലും, പള്ളിയിലെ മണിനാദം തങ്ങൾക്ക് വലിയ സന്തോഷം നൽകുന്നതായി വിശ്വാസികൾ പറയുന്നു. യുദ്ധകാലത്ത് ആഘോഷങ്ങൾ പ്രാർത്ഥനകളിൽ മാത്രം ഒതുങ്ങാനാണ് സഭ തീരുമാനിച്ചതെങ്കിലും, ശുഭപ്രതീക്ഷയോടെയാണ് ആളുകൾ ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
‘രണ്ട് വർഷം മുമ്പ് ബോംബാക്രമണത്തിൽ ഞങ്ങൾക്ക് വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടു. പള്ളിയിൽ അഭയം തേടിയപ്പോഴും സുരക്ഷിതരാണെന്ന് തോന്നിയില്ല. എന്നാൽ ഇന്ന് ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്നത് തന്നെ ദൈവാനുഗ്രഹമാണ്,’ താൽ അൽഹവ സ്വദേശിയായ 58കാരൻ ദിമിത്രി ബൗലോസ് വികാരാധീനനായി പറഞ്ഞു. യുദ്ധത്തിൽ തന്റെ 27 വയസ്സുള്ള മകളെ നഷ്ടപ്പെട്ട നൗസാൻഡ് ടെർസിയും ഇതേ വികാരമാണ് പങ്കുവെച്ചത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ടാണ് തന്റെ മകൾ മരിച്ചതെന്ന് അവർ സങ്കടത്തോടെ ഓർക്കുന്നു.
ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിലെ ക്രൈസ്രതവ ജനസംഖ്യയിൽ വലിയ കുറവാണ് സമീപകാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2007ൽ 3,000ത്തോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം ഇപ്പോൾ ഏതാനും നൂറുകളായി ചുരുങ്ങി. യുദ്ധത്തിലുടനീളം സെന്റ് പോർഫിറിയസ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ ദേവാലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. എങ്കിലും, ഈ ക്രിസ്മസ് സമാധാനത്തിന്റെ പുതിയൊരു തുടക്കമാകുമെന്ന് 18കാരനായ എഡ്വേർഡ് സബയെപ്പോലെയുള്ള യുവാക്കൾ വിശ്വസിക്കുന്നു.
നിലവിൽ ഗസ്സയിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങൾക്കും യുദ്ധത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷണവും മരുന്നും പാർപ്പിടവും ഇല്ലാത്ത കടുത്ത പ്രതിസന്ധിക്കിടയിലും, പുതുവർഷം സമാധാനത്തിന്റേതാകുമെന്ന പ്രതീക്ഷയിലാണ് ഗസ്സയിലെ ജനത. തകർന്ന നഗരം എത്രയും വേഗം പുനർനിർമ്മിക്കണമെന്നും തങ്ങളുടെ ജീവിതം സാധാരണ നിലയിലാകണമെന്നുമാണ് ഓരോ വിശ്വാസിയും പ്രാർത്ഥിക്കുന്നത്.