27/01/2026

ഉറുദു കരോളും കുര്‍ബാനയും; 125 വര്‍ഷത്തെ അപൂര്‍വ പാരമ്പര്യം തുടര്‍ന്ന് ഹൈദരാബാദ്

 ഉറുദു കരോളും കുര്‍ബാനയും; 125 വര്‍ഷത്തെ അപൂര്‍വ പാരമ്പര്യം തുടര്‍ന്ന് ഹൈദരാബാദ്

ഹൈദരാബാദ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഒരു ദേവാലയം വ്യത്യസ്തതകള്‍കൊണ്ട് വേറിട്ടുനില്‍ക്കുകയാണ്. ഇവിടെ പ്രാര്‍ത്ഥനകളും കരോളുകളും മുഴങ്ങുന്നത് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയായ തെലുഗിലോ അല്ല, മറിച്ച് ഉറുദുവിലാണ്. ഹൈദരാബാദ് ആബിഡ്സിലെ 125 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ജോര്‍ജ്ജ് ചര്‍ച്ചാണ് ഈ അപൂര്‍വ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നത്.

നഗരത്തിന്റെ സമ്മിശ്രമവും സമഭാവനയുടേതുമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പള്ളിയിലെ ചടങ്ങുകള്‍. ഹൈദരാബാദ് നൈസാമിന്റെ ഭരണകാലത്ത് ഉറുദുവായിരുന്നു ഔദ്യോഗിക ഭാഷ. അക്കാലത്ത് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബ്രിട്ടീഷുകാരും മിഷനറിമാരും ഉറുദു ഭാഷയെ ആശ്രയിച്ചിരുന്നു. ആ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായി ഇന്നും ഇവിടെ ആരാധന ഉറുദുവിലാണ് നടക്കുന്നത്. 1844-ല്‍ സ്ഥാപിതമായ ഈ പള്ളി, നഗരത്തിലെ ഏറ്റവും പഴക്കമേറിയ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളിലൊന്നാണ്.

ഉറുദു കുര്‍ബാന: ‘യേശു മസീഹ് കീ ജയ്’ (യേശുവിന് സ്തുതി) എന്ന വിളികളാണ് ഇവിടെ ഉയരുന്നത്. ബൈബിള്‍ വായനയും പുരോഹിതന്റെ പ്രസംഗവും എല്ലാം ശുദ്ധമായ ഉറുദുവിലാണ്. ക്രിസ്മസ് കരോളുകളും ഗാനങ്ങളും പരമ്പരാഗത ഉറുദു, ഹിന്ദുസ്ഥാനി ശൈലിയിലാണ് ആലപിക്കുന്നത്.

പഴയ തലമുറ മാത്രമല്ല, പുതുതലമുറയും ഈ പാരമ്പര്യം ആവേശത്തോടെ ഏറ്റെടുക്കുന്നു. ഉറുദു ഭാഷയ്ക്ക് മതമില്ലെന്നും അത് ഹൈദരാബാദിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഈ ദേവാലയം ഓര്‍മിപ്പിക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഈ ക്രിസ്മസ് ദിനത്തില്‍ സെന്റ് ജോര്‍ജ് ചര്‍ച്ച് ലോകത്തിന് നല്‍കുന്നത്. നൂറുകണക്കിന് വിശ്വാസികളാണ് ക്രിസ്മസ് ദിനത്തില്‍ ഈ ഉറുദു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്.

Also read: