‘കാണാം, പക്ഷേ മിണ്ടരുത്’; സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ക്ക് കര്‍ശന നിയന്ത്രണം, പുതിയ നയവുമായി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ നയം പുറപ്പെടുവിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ പാലിക്കേണ്ട കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലും രഹസ്യവിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് പുതിയ പരിഷ്‌കാരം.
പുതിയ ഉത്തരവ് പ്രകാരം ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ അറിയുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ് ഉപയോഗിക്കേണ്ടത്. സൈനികര്‍ ഇത്തരം ഇടങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ, പോസ്റ്റുകള്‍ പങ്കുവെക്കാനോ പാടില്ല. യൂട്യൂബ്, എക്‌സ്, ക്വോറ എന്നിവയിലും ഇത്തരം ഉപയോഗം മാത്രമേ അനുവദിക്കൂ. ഉപയോക്താക്കള്‍ സ്വന്തമായി നിര്‍മ്മിച്ചവ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്കുണ്ട്.
വാട്ട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ വഴി വ്യക്തിപരമായ സന്ദേശങ്ങള്‍ കൈമാറാം. എന്നാല്‍ ഇത് അറിയപ്പെടുന്ന വ്യക്തികളുമായി മാത്രമായിരിക്കണം. സന്ദേശം സ്വീകരിക്കുന്ന ആള്‍ വിശ്വസ്തനാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സൈനികര്‍ക്കായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും റെസ്യൂമെകള്‍ അയക്കുന്നതിനും മാത്രമായി ലിങ്ക്ഡ്ഇന്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിനൊപ്പം സൈബര്‍ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.