04/06/2026
[fontresizer_tawhidurrahmandear_widget]

പഞ്ചസാരയേക്കാൾ വലിയ വില്ലൻ? ഷുഗർ ഫ്രീ പലഹാരങ്ങൾ അപകടമോ? ഹൃദയാഘാത സാധ്യതയെന്ന് പഠനം

 പഞ്ചസാരയേക്കാൾ വലിയ വില്ലൻ? ഷുഗർ ഫ്രീ പലഹാരങ്ങൾ അപകടമോ? ഹൃദയാഘാത സാധ്യതയെന്ന് പഠനം

വാഷിങ്ടൺ: പ്രമേഹവും അമിതവണ്ണവും ഭയന്ന് പഞ്ചസാര ഉപേക്ഷിച്ച് ‘ഷുഗർ ഫ്രീ’ ഉൽപന്നങ്ങളെ ആശ്രയിക്കുന്നവർ ജാഗ്രത പാലിക്കുക. മധുരത്തിന് പകരമായി ഉപയോഗിക്കുന്ന ‘എറിത്രിറ്റോൾ’ (Erythritol) എന്ന കൃത്രിമ മധുരപദാർത്ഥം പക്ഷാഘാതത്തിനും (Stroke) ഹൃദയാഘാതത്തിനും (Heart Attack) കാരണമായേക്കാമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷക സംഘമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.

​വെറും 30 ഗ്രാം മതി, അപകടത്തിന്

സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്‌ക്രീമുകൾ, പ്രോട്ടീൻ ബാറുകൾ, കീറ്റോ ഉൽപന്നങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന മധുരമാണ് എറിത്രിറ്റോൾ. വെറും 30 ഗ്രാം എറിത്രിറ്റോൾ (ഒരു സാധാരണ ഷുഗർ ഫ്രീ പാനീയത്തിൽ അടങ്ങിയിരിക്കുന്ന അളവ്) ഉള്ളിലെത്തിയാൽ മൂന്ന് മണിക്കൂറിനുള്ളിൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ഇത് രക്തക്കുഴലുകളിലെ ‘ഓക്‌സിഡേറ്റീവ് സ്‌ട്രെസ്’ (Oxidative Stress) 204 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.

രക്തം കട്ടപിടിക്കാൻ സാധ്യത

രക്തക്കുഴലുകൾ വികസിക്കാൻ സഹായിക്കുന്ന ‘നൈട്രിക് ഓക്‌സൈഡിന്റെ’ അളവ് കുറയ്ക്കാൻ എറിത്രിറ്റോൾ കാരണമാകുന്നു. ഇത് രക്തക്കുഴലുകൾ ചുരുങ്ങാനും (Constriction) തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും വഴിയൊരുക്കുന്നു. കൂടാതെ, രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ ഇത് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തധമനികളിൽ തടസ്സമുണ്ടാകാനും (Thrombosis) പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കാനും സാധ്യതയുണ്ട്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഉൾപ്പെടെയുള്ളവർ എറിത്രിറ്റോൾ സുരക്ഷിതമാണെന്ന് (GRAS) തരംതിരിച്ചിട്ടുണ്ടെങ്കിലും, പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ അവഗണിക്കാനാവില്ല. ‘ഷുഗർ ഫ്രീ’, ‘ഡയറ്റ് ഫ്രണ്ട്ലി’ എന്നീ ലേബലുകൾ കണ്ട് ഇത്തരം ഉൽപ്പന്നങ്ങൾ അമിതമായി കഴിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് ശാസ്ത്രലോകം ഓർമ്മിപ്പിക്കുന്നത്. കൃത്രിമ മധുരത്തിന് പകരം മിതമായ അളവിൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉചിതം.

Also read: