‘ശിവഗിരി വേദാന്തത്തിന്റെ ഭൂമി’; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി വേദാന്തത്തിന്റെ ഭൂമിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ,മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി.
‘ഇന്ന് 93ാമത് തീർത്ഥാടനം ആഘോഷിക്കുന്ന വേളയിൽ ഞാനിപ്പോൾ നിൽക്കുന്നത് വെറുമൊരു ഭൂമിയിലല്ല, മറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലാണെന്ന് മനസിലാക്കുന്നു. മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി. നല്ല സംഘാടനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാമി പ്രവർത്തിച്ചത്’ ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തീർത്ഥാടന സമ്മേളനം നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും. 50 ലക്ഷത്തിലധികം തീർത്ഥാടകർ ഇക്കുറി എത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 150ലധികം പദയാത്രകൾ ശിവഗിരിയിലെത്തും. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിലെ ഭക്തജനത്തിരക്ക് കുറയ്ക്കാൻ ഡിസംബർ 15 മുതൽ തീർത്ഥാടനകാലം തുടങ്ങിയിരുന്നു.