27/01/2026

പുതുവത്സരദിനത്തിൽ തിരുവനന്തപുരത്ത് വീട് വളഞ്ഞ് പോലീസിന്റെ ലഹരിവേട്ട; ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ

 പുതുവത്സരദിനത്തിൽ തിരുവനന്തപുരത്ത് വീട് വളഞ്ഞ് പോലീസിന്റെ ലഹരിവേട്ട; ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് നടത്തിയ ലഹരിവേട്ടയിൽ എംബിബിഎസ് ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഐടി ജീവനക്കാരനും ഉൾപ്പെടെ ഏഴുപേർ പിടിയിൽ. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘമാണ് കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽ നിന്ന് ഇവരെ പിടികൂടിയത്.

കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34), ബിഡിഎസ് വിദ്യാർത്ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27), ഐടി ജീവനക്കാരനായ കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), ലഹരി മാഫിയ സംഘത്തിലെ കണ്ണികളായ നെടുമങ്ങാട് സ്വദേശി അസിം (29), തൊളിക്കോട് സ്വദേശി അജിത്ത് (30), പാലോട് സ്വദേശിനി അൻസിയ (37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.

അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണ്. ഇവരാണ് ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് കേരളത്തിൽ എത്തിക്കുന്നത്. ഡോക്ടർമാർക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുമാണ് ഇവർ പ്രധാനമായും ലഹരി വിതരണം ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ സഞ്ചരിക്കവേ പോലീസ് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ജീപ്പിൽ കാറിടിപ്പിച്ച ശേഷം ഇവർ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം കണിയാപുരത്തെ വാടകവീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിൽനിന്ന് 4 ഗ്രാം എംഡിഎംഎ, 100 ഗ്രാം കഞ്ചാവ്, ഗ്രാമിന് മൂവായിരം രൂപയോളം വിലവരുന്ന ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. കൂടാതെ ലഹരി കടത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

​റൂറൽ എസ്പിയുടെ നിർദേശപ്രകാരം നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Also read: