27/01/2026

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല; അഞ്ച് പേർക്ക് ജാമ്യം

 ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല; അഞ്ച് പേർക്ക് ജാമ്യം

ന്യൂഡൽഹി: 2020-ലെ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥി ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ സുപ്രീം കോടതി തള്ളി. അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇവർക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഗൂഢാലോചനയിൽ ഇരുവരും കേന്ദ്രബിന്ദുക്കളാണെന്നും അതിനാൽ കേസിൽ മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ നിലയിലാണ് ഇവരെ കാണേണ്ടതെന്നും കോടതി നിരീക്ഷിച്ചു. യുഎപിഎ നിയമപ്രകാരം ഇവർക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ അല്ലെങ്കിൽ ഇന്നത്തെ ഉത്തരവിനുശേഷം ഒരു വർഷം തികയുകയോ ചെയ്താൽ ഇവർക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് പേർക്ക് ജാമ്യം

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചെങ്കിലും, ഇതേ കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാഉർ റഹ്‌മാൻ, ഷദാബ് അഹ്‌മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഗൂഢാലോചനയിൽ ഇവരുടെ പങ്ക് ‘സഹായികൾ’ എന്ന നിലയിലാണെന്നും മുഖ്യ സൂത്രധാരന്മാരല്ലെന്നും കോടതി വിലയിരുത്തി. കർശനമായ 12 ഉപാധികളോടെയാണ് ഇവർക്ക് മോചനം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

കേസിന്റെ പശ്ചാത്തലം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾക്കെതിരെ ആരംഭിച്ച ആസൂത്രിത ആക്രമണങ്ങൾ പിന്നീട് വ്യാപിക്കുകയായിരുന്നു. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും എഴുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ ഇന്ത്യയെ ആഗോളതലത്തിൽ അപകീർത്തിപ്പെടുത്താൻ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമമെന്നാണ് ഡൽഹി പോലീസിന്റെ വാദം.

കലാപവുമായി ബന്ധപ്പെട്ട് ഹിന്ദു, മുസ്ലിം വിഭാഗങ്ങളിലായി നിരവധി പേർക്കെതിരെ കേസുണ്ടെങ്കിലും ഗൂഢാലോചന കേസിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കലാപത്തിന് തൊട്ടുമുമ്പ് ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ തുടങ്ങിയവർ നടത്തിയ പ്രകോപന പ്രസംഗങ്ങൾ വലിയ വിവാദമായിരുന്നു. എന്നാൽ, ഇവർക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഡൽഹി പോലീസ് തയ്യാറായിട്ടില്ല. പോലീസിന്റെ ഈ നിലപാട് കോടതികളിൽ പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉമർ ഖാലിദ് 2020 സെപ്റ്റംബർ 13-നും ഷർജീൽ ഇമാം 2020 ജനുവരി 28-നും ആണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങൾ.

പ്രതിഭാഗത്തിന്റെ വാദം

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഉമർ ഖാലിദിന് വേണ്ടി ഹാജരായത്. കലാപസമയത്ത് ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും ഇത്രയും കാലം ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സംരക്ഷിത സാക്ഷികളെ വിസ്തരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും കോടതി ഉത്തരവിട്ടു.

Also read: