27/01/2026

ജീൻസിലെ ആ’കുഞ്ഞൻ പോക്കറ്റ്’ എന്തിനാണ്? 150 വർഷം പഴക്കമുള്ള രഹസ്യം ഇതാണ്

 ജീൻസിലെ ആ’കുഞ്ഞൻ പോക്കറ്റ്’ എന്തിനാണ്? 150 വർഷം പഴക്കമുള്ള രഹസ്യം ഇതാണ്

ജീൻസ് ധരിക്കുമ്പോഴെല്ലാം നമ്മൾ കാണുന്ന, എന്നാൽ പലപ്പോഴും ആരുമത്ര കാര്യമാക്കാത്ത ഒന്നാണ് പോക്കറ്റിനുള്ളിലെ ആ ‘കുഞ്ഞൻ പോക്കറ്റ്’. ഒരു വിരൽ പോലും കഷ്ടിച്ച് കടക്കുന്ന ഈ പോക്കറ്റിനു പിന്നില്‍ വെറുമൊരു ഡിസൈൻ എന്നതിലുപരി 150 വർഷത്തോളം പഴക്കമുള്ള ഒരു രഹസ്യമുണ്ട്. പലരും കരുതുന്നത് പോലെ ഇതൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല.

കുഞ്ഞന്‍ പോക്കറ്റിന്‍റെ ജനനം

1873-ൽ ലെവി സ്‌ട്രോസ് (Levi Strauss), ജേക്കബ് ഡേവിസ് എന്നിവർ ചേർന്ന് 1873-ൽ ആദ്യമായി ജീൻസ് പുറത്തിറക്കുന്ന കാലത്താണ് ഈ ചെറിയ പോക്കറ്റിന്റെയും ജനനം. അക്കാലത്ത് കൗബോയ്മാരും (Cowboys) ഖനിത്തൊഴിലാളികളും സമയം നോക്കാൻ ഉപയോഗിച്ചിരുന്നത് ചെയിൻ ഘടിപ്പിച്ച ‘പോക്കറ്റ് വാച്ചുകൾ’ ആയിരുന്നു. ഇന്നത്തെപ്പോലെ കൈത്തണ്ടയിൽ കെട്ടുന്ന വാച്ചുകൾ അന്ന് പ്രചാരത്തിലില്ലായിരുന്നു.

കഠിനമായ ജോലികൾക്കിടയിൽ വിലപിടിപ്പുള്ള ഈ വാച്ചുകൾ പോക്കറ്റിൽനിന്ന് വീണുപോകാതെയും പോറലുകൾ ഏൽക്കാതെയും സൂക്ഷിക്കാൻ വേണ്ടിയാണ് ജീൻസിൽ ഒരു ചെറിയ അറ നിർമിച്ചത്. അതിനാൽ തന്നെ ‘വാച്ച് പോക്കറ്റ്’ എന്നാണ് ഔദ്യോഗികമായി ഇതിനെ വിളിക്കുന്നത്.

വാച്ച് പോയെങ്കിലും പോക്കറ്റ് പോയില്ല

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പോക്കറ്റ് വാച്ചുകൾക്ക് പകരം റിസ്റ്റ് വാച്ചുകൾ പ്രചാരത്തിൽ വന്നു. അതോടെ ഈ പോക്കറ്റിന്റെ പ്രാഥമിക ആവശ്യം ഇല്ലാതായി. എങ്കിലും ജീൻസിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി ലെവീസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഈ ഡിസൈൻ ഉപേക്ഷിക്കാൻ തയ്യാറായില്ല. ‘ഫൈവ് പോക്കറ്റ് ജീൻസ്’ എന്ന തനതായ രൂപം അവർ ഇന്നും തുടരുന്നു.

വാച്ച് സൂക്ഷിക്കാൻ ഉപയോഗിക്കുന്നില്ലെങ്കിലും ഈ കുഞ്ഞൻ പോക്കറ്റ് ഇന്നും വെറുതെ കിടക്കാറില്ല. നാണയങ്ങൾ, പെൻഡ്രൈവ്, താക്കോൽ, ലിപ് ബാം തുടങ്ങിയ ചെറിയ സാധനങ്ങൾ സുരക്ഷിതമായി വെക്കാൻ ഇന്നും ആളുകൾ ഈ സ്ഥലം ഉപയോഗപ്പെടുത്തുന്നു. വലിപ്പമേറിയ സ്മാർട്ട് ഫോണുകൾക്കിടയിൽ, പെട്ടെന്ന് കാണാതെ പോകാൻ സാധ്യതയുള്ള ചെറിയ വസ്തുക്കൾ സൂക്ഷിക്കാൻ ഇന്നും ഏറ്റവും അനുയോജ്യമായ ഇടം ഈ 150 വർഷം പഴക്കമുള്ള പോക്കറ്റ് തന്നെയാണ്.

Also read: