മദീനയ്ക്ക് ചുറ്റും കോട്ടമതിലുകള്‍, പച്ചപ്പണിഞ്ഞ് റൗദാ ശരീഫ്, ജന്നത്തുല്‍ ബഖീഇല്‍ ഇന്ത്യന്‍ കൈയൊപ്പുള്ള താഴികക്കുടങ്ങള്‍; മദീനയുടെ അപൂര്‍വ ചിത്രങ്ങള്‍
മദീന: പ്രവാചക നഗരിയായ മദീന മുനവ്വറയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖം അനാവരണം ചെയ്യുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ‘ഖിസ്സ ഓഫ് ഇസ്‌ലാം’ എന്ന ആര്‍ക്കൈവല്‍ പ്ലാറ്റ്ഫോമാണ് 1890 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തിലെ മദീനയുടെ 11 ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആധുനിക നഗരമായി മാറുന്നതിന് തൊട്ടുമുന്‍പുള്ള മദീനയുടെ ഓട്ടോമന്‍ കാലഘട്ടത്തിലെ പ്രൗഢിയാണു പുറത്തുവന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത്.

കോട്ടമതിലുകള്‍ക്കുള്ളിലെ നഗരവും മസ്ജിദുന്നബവിയും
ഇന്ന് വിശാലമായി കിടക്കുന്ന മദീന നഗരത്തിന് ചുറ്റും, പണ്ട് കൂറ്റന്‍ സംരക്ഷണ മതിലുകള്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് 1890ല്‍ പകര്‍ത്തിയ ചിത്രം. നഗരവാസികള്‍ക്ക് സുരക്ഷയൊരുക്കാനായി ഓട്ടോമന്‍ ഭരണകൂടം നിര്‍മിച്ച ഈ മതിലുകള്‍ പിന്നീട് നഗരവികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു.

1910ല്‍ പകര്‍ത്തിയ മസ്ജിദുന്നബവിയുടെ ചിത്രത്തില്‍, 1483ല്‍ നിര്‍മിച്ച പഴയ മിനാരവും 1840ല്‍ പ്രവാചകന്റെ ഖബറിടത്തിനു മുകളില്‍ നിര്‍മിച്ച പച്ച ഖുബ്ബയും (Green Dome) വ്യക്തമായി കാണാം. വൈദ്യുത വിളക്കുകള്‍ വരുന്നതിന് മുമ്പ്, എണ്ണവിളക്കുകള്‍ തെളിയിച്ചിരുന്ന മസ്ജിദിന്റെ അകത്തളമാണ് മറ്റൊരു ആകര്‍ഷണം.

1916ല്‍ പകര്‍ത്തിയ ചിത്രത്തില്‍ റൗദാ ശരീഫിന് സമീപമുള്ള തൂണുകളും പരവതാനികളും അന്നത്തെ വാസ്തുവിദ്യയുടെ ലളിതമായ ഭംഗി വിളിച്ചോതുന്നു. മസ്ജിദിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയിലുള്ള ‘ബാബുസ്സലാം’ കവാടത്തിന്റെ ചിത്രവും ഇതിലുണ്ട്.

ഇന്ത്യന്‍ നിര്‍മാണ വൈദഗ്ധ്യം
ചരിത്രപ്രാധാന്യമുള്ള ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാനിന്റെ 1916ലെ ദൃശ്യമാണ് ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. പ്രമുഖരായ സ്വഹാബികളുടെ(പ്രവാചകാനുചരന്മാര്‍) ഖബറുകള്‍ക്ക് മുകളില്‍ അക്കാലത്ത് വലിയ താഴികക്കുടങ്ങളും നിര്‍മിതികളും ഉണ്ടായിരുന്നുവെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘അല്‍-ഖുബ്ബത്ത് അല്‍-അബ്ബാസിയ’ എന്നറിയപ്പെട്ടിരുന്ന നിര്‍മിതി ഇതില്‍ വ്യക്തമാണ്.

ഈ നിര്‍മിതികള്‍ക്ക് ഇന്ത്യന്‍ വാസ്തുവിദ്യയുമായി വലിയ സാമ്യമുണ്ടായിരുന്നു എന്നത് കൗതുകകരമായൊരു വിവരമാണ്. അക്കാലത്ത് മദീനയില്‍ താമസിച്ചിരുന്ന സമ്പന്നരായ ഇന്ത്യന്‍ വ്യാപാരികളുടെ സ്വാധീനമാണ് ഇതിന് കാരണമെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നതായി ‘ഖിസ്സ ഓഫ് ഇസ്‌ലാം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശുദ്ധ ഇടങ്ങള്‍ക്ക് പുറമെ, അന്നത്തെ മദീനയുടെ ഭൂപ്രകൃതിയും ചിത്രങ്ങളില്‍ കാണാം. 1913ല്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സലഅ് പര്‍വതത്തില്‍നിന്ന് പകര്‍ത്തിയ നഗരദൃശ്യം അതിനു സാക്ഷിയാണ്.

1907ലെ മദീനയുടെ പച്ചപ്പും ഈന്തപ്പനത്തോട്ടങ്ങളും, മസ്ജിദ് മുറ്റത്തെ ‘ഫാത്തിമയുടെ പൂന്തോട്ടം'(Garden of Fatima) എന്നിവയും അതുതന്നെയാണ് അടിവരയിടുന്നത്.