02/04/2026
[fontresizer_tawhidurrahmandear_widget]

2026-ൽ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം; 16 ഉപഗ്രഹങ്ങളുംനഷ്ടമായി

 2026-ൽ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം; 16 ഉപഗ്രഹങ്ങളുംനഷ്ടമായി

ശ്രീഹരിക്കോട്ട: ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തിരിച്ചടി. ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി-സി62 വിക്ഷേപണം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളും നഷ്ടമായി.

തിങ്കളാഴ്ച രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് വേണ്ടിയുള്ള വാണിജ്യ ദൗത്യമായിരുന്നു ഇത്. 44.4 മീറ്റർ ഉയരമുള്ള പിഎസ്എൽവി റോക്കറ്റിന്റെ 64-ാമത്തെ വിക്ഷേപണമായിരുന്നു തിങ്കളാഴ്ച നടന്നത്.

വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. എന്നാൽ മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടെ റോക്കറ്റിൽ ചില അസ്വഭാവികതകൾ കണ്ടെത്തുകയും തുടർന്ന് നിശ്ചയിക്കപ്പെട്ട പാതയിൽ നിന്ന് റോക്കറ്റ് വ്യതിചലിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ദൗത്യം പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും വിശദമായ പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് പുറമെ ബ്രസീൽ, നേപ്പാൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ധ്രുവ സ്പേസിന്റെ ഏഴ് ഉപഗ്രഹങ്ങൾ, തന്ത്രപ്രധാനമായ നിരീക്ഷണത്തിനും ഭൗമ നിരീക്ഷണത്തിനുമായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) എന്നിവയായിരുന്നു പ്രധാന പേലോഡുകൾ.

കൂടാതെ ബഹിരാകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്നത് പരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ സംരംഭമായ ആയുൽസാറ്റ്, സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ യൂറോപ്യൻ കിഡ് റീ-എൻട്രി ക്യാപ്‌സ്യൂൾ എന്നിവയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.

2025 മെയ് മാസത്തിൽ നടന്ന പിഎസ്എൽവി-സി61 ദൗത്യവും സമാനമായ രീതിയിൽ മൂന്നാം ഘട്ടത്തിലെ തകരാർ മൂലം പരാജയപ്പെട്ടിരുന്നു. അന്ന് ഇഒഎസ്-09 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ 64 ദൗത്യങ്ങളിൽ പിഎസ്എൽവി നേരിടുന്ന അഞ്ചാമത്തെ പരാജയമാണിത്.

പരാജയത്തിന്റെ കാരണം കണ്ടെത്തുന്നതിനും പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനുമായി പുതിയ പരാജയ വിശകലന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പരാജയം നേരിട്ടെങ്കിലും പിഎസ്എൽവി ദൗത്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

Also read: