27/01/2026

വാരണാസി വികസനത്തിനായി കാശി ക്ഷേത്രം പുനര്‍നിര്‍മിച്ച ദേവി അഹില്യബായിയുടെ പ്രതിമ തകര്‍ത്തു; വന്‍ പ്രതിഷേധം

 വാരണാസി വികസനത്തിനായി കാശി ക്ഷേത്രം പുനര്‍നിര്‍മിച്ച ദേവി അഹില്യബായിയുടെ പ്രതിമ തകര്‍ത്തു; വന്‍ പ്രതിഷേധം

ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മറാഠാ രാജ്ഞി അഹല്യാബായ് ഹോള്‍ക്കറുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമയും ചരിത്രസ്മാരകങ്ങളും അധികൃതര്‍ ഇടിച്ചുനിരത്തിയതായി പരാതി. വാരണാസിയിലെ മണികര്‍ണിക ഘട്ടിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനിടെയാണ് സംഭവം. ഇതിനെതിരെ വാരണാസിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

മണികര്‍ണിക ഘട്ടിലെ പുരാതനമായ ഒരു ‘മഠി’ പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന അഹല്യാബായിയുടെ പ്രതിമയും ശിവലിംഗങ്ങളും തകര്‍ത്തുവെന്നാണ് പാല്‍ സമുദായവും തദ്ദേശവാസികളും ആരോപിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്നും, തകര്‍ത്ത പ്രതിമ അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പാല്‍ സമാജ് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കി.

പാല്‍ സമാജ് സമിതിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ വാരണാസിയില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അഹല്യാബായ് ഹോള്‍ക്കറെ തങ്ങളുടെ പൂര്‍വികയായി കാണുന്ന പാല്‍ (ഗഡരിയ) സമുദായം, തകര്‍ത്ത പ്രതിമ അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്‍ഡോറിലും സംഭവത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍, ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ തകര്‍ത്തിട്ടില്ലെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് സത്യേന്ദ്ര കുമാര്‍ വ്യക്തമാക്കി. ഘട്ടിലെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്ഖനനത്തിനിടെ ലഭിച്ച വിഗ്രഹങ്ങളും മറ്റ് ചരിത്രശേഷിപ്പുകളും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇവ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അഹല്യാബായ് ഹോള്‍ക്കറുടെ പ്രതിമ തകര്‍ത്തെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും എഡിഎം (അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്) അലോക് കുമാര്‍ അറിയിച്ചു.

മണികര്‍ണിക ഘട്ടിന്റെ നവീകരണത്തിനായി ഒരു സ്വകാര്യ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഘട്ടിലേക്കുള്ള ഇടുങ്ങിയ വഴികള്‍ വീതികൂട്ടുക, സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക, ശ്മശാന സൗകര്യങ്ങള്‍ നവീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

Also read: