ദീപക്കിന്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, പരാതിക്കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഗോവിന്ദപുരം ടി.പി ഗോപാലന്‍ റോഡില്‍ ഉള്ളാട്ട് ‘ദീപക് ഭവന’ത്തില്‍ യു. ദീപക്(42) മരിച്ച സംഭവത്തിലാണ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതി വീഡിയോ പകര്‍ത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വ്യാപകമായി വൈറലായതിനു പിന്നാലെയാണ് ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മരണത്തിനു പിന്നാലെ കുടുംബം കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.