‘ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നതിൽ വിശദീകരണം വേണം’; സ്വാമി അവിമുക്തേശ്വരാനന്ദിന് മേള ഭരണകൂടത്തിന്റെ നോട്ടീസ്
ലഖ്‌നൗ: ശങ്കരാചാര്യ പദവി ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്ക് മേള ഭരണകൂടം നോട്ടീസ് അയച്ചു. ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ പദവി അദ്ദേഹം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് 24 മണിക്കൂറിനുള്ളിൽ വിശദീകരിക്കണമെന്ന് പ്രയാഗ്‌രാജ് മേള ഭരണകൂടം ആവശ്യപ്പെട്ടു.
മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്‌നാനത്തിനായി എത്തിയ സ്വാമിയെയും അനുയായികളെയും പോലീസ് തടഞ്ഞതാണ് തർക്കങ്ങൾക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധിച്ച് തന്റെ ക്യാമ്പിന് പുറത്ത് പ്രതിഷേധ പ്രകടനം ആരംഭിച്ച സ്വാമി, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസത്തിലാണ്. മേള ഭരണകൂടത്തിലെയും പോലീസിലെയും മുതിർന്ന ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ജ്യോതിഷ് പീഠത്തിൽ പുതിയ ശങ്കരാചാര്യരെ അവരോധിക്കുന്നത് സുപ്രീം കോടതി തടഞ്ഞ കാര്യം മേള അതോറിറ്റി വൈസ് ചെയർമാൻ ദയാനന്ദ് പ്രസാദ് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘നിങ്ങളുടെ ഈ പ്രവൃത്തി കോടതി ഉത്തരവിനോടുള്ള അവഗണനയാണ് കാണിക്കുന്നത്. കത്ത് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പേരിന് മുൻപ് ശങ്കരാചാര്യ എന്ന വാക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുക’ എന്ന് നോട്ടീസിൽ പറയുന്നു. മാഘമേള ക്യാമ്പിലെ ബോർഡുകളിൽ സ്വാമി പദവി സ്വയം പ്രഖ്യാപിച്ചത് നിയമലംഘനമാണെന്നാണ് ഭരണകൂടത്തിന്റെ പക്ഷം.
എന്നാൽ, കോടതി ഉത്തരവിന് മുൻപേ തന്നെ സ്വാമിയെ ശങ്കരാചാര്യനായി പ്രതിഷ്ഠിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി ശൈലേന്ദ്ര യോഗിരാജ് പ്രതികരിച്ചു. പല്ലക്കിൽ വരികയായിരുന്ന ഭക്തരെ പോലീസ് മർദ്ദിച്ചതായും 15 ഓളം പേർക്ക് പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. തിരക്ക് നിയന്ത്രിക്കാനാണ് ഇടപെട്ടതെന്നും ബാരിക്കേഡുകൾ തകർക്കാൻ ശ്രമമുണ്ടായെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷമായി വിമർശിക്കുകയും പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.