കുടുംബപ്രശ്‌നം തീർക്കാൻ ‘കൂടോത്രം’; വീടുമാറി മന്ത്രവാദം നടത്തിയയാൾ സിസിടിവിയിൽ കുടുങ്ങി
താമരശ്ശേരി: കുടുംബകലഹം പരിഹരിക്കാനായി വീട്ടുപറമ്പിൽ കൂടോത്രം ചെയ്യാനെത്തിയ മന്ത്രവാദി വീടുമാറി ചെന്ന് പെട്ടു. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിന് സമീപം ഇന്നലെ വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ലക്ഷ്യം വെച്ച വീട് മാറി അയൽപക്കത്തെ വീട്ടിൽ മന്ത്രവാദം നടത്തിയ ഇയാളെ വീട്ടുകാർ സിസിടിവി സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ച് നിർമ്മിച്ച വീടും സ്വത്തും ഭാര്യ സ്വന്തം പേരിലാക്കിയതായും, ഗാർഹിക പീഡന പരാതി നൽകി തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ആരോപിച്ച് ചുടലമുക്ക് സ്വദേശിയായ യുവാവാണ് മന്ത്രവാദിയെ സമീപിച്ചത്. ഈങ്ങാപ്പുഴ സ്വദേശിയായ സുനിൽ എന്നയാൾക്കായിരുന്നു മന്ത്രവാദത്തിനുള്ള ‘ക്വട്ടേഷൻ’ കിട്ടിയത്. എന്നാൽ, സ്ഥലം മാറി ചുങ്കം മുട്ടുകടവിലെ മറ്റൊരു പ്രവാസിയുടെ വീട്ടിലാണ് സുനിൽ എത്തിയത്.
വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മന്ത്രവാദി ചില പൊടികൾ വിതറുന്നത് വീടിനുള്ളിലെ സ്‌ക്രീനിൽ സിസിടിവി അലേർട്ട് വന്നതോടെ മകൾ കാണുകയായിരുന്നു. തുടർന്ന് വീട്ടമ്മയും മകളും ചേർന്ന് സ്‌കൂട്ടറിൽ പിന്തുടർന്ന് ഇയാളെ ബസ് സ്‌റ്റോപ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് വീട് മാറിപ്പോയതാണെന്ന വിവരം ഇയാൾ സമ്മതിക്കുന്നത്. തുടർന്ന് മന്ത്രവാദം ഏൽപ്പിച്ച യുവാവിനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. ഇരുവർക്കും കർശന താക്കീത് നൽകിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു.