27/01/2026

‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും എച്ച്മുക്കുട്ടിയും എഴുതിയ ‘എംറ്റി സ്‌പേസ്’ പുസ്തകത്തിനെതിരെ മക്കള്‍

 ‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും എച്ച്മുക്കുട്ടിയും എഴുതിയ ‘എംറ്റി സ്‌പേസ്’ പുസ്തകത്തിനെതിരെ മക്കള്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിതാവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് രചയിതാക്കൾ ശ്രമിക്കുന്നതെന്നും മക്കളായ സിതാരയും അശ്വതി നായരും ആരോപിച്ചു. പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

എം.ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടിയും അർദ്ധസത്യങ്ങളുമാണെന്ന് മക്കൾ പറഞ്ഞു. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്കും എം.ടി. വിടവാങ്ങി ഒരു വർഷത്തിനും ശേഷം പുറത്തിറങ്ങിയ കൃതി കേട്ടറിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റഴിക്കാനും ശ്രദ്ധ നേടാനുമുള്ള ശ്രമമാണിതെന്ന് ഇവർ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു.

മരിച്ച വ്യക്തികളെ വ്യക്തിഹത്യ നടത്തി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് സാംസ്‌കാരിക കേരളം തള്ളിക്കളയുമെന്ന് പ്രസ്താവനയിൽ പറയുന്നു. എം.ടിക്ക് ആദ്യഭാര്യ പ്രമീളയിലുള്ള മകളാണ് സിതാര. കലാമണ്ഡലം സരസ്വതിയിലുള്ള മകളാണ് അശ്വതി. കുടുംബത്തിന്റെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്ന പുസ്തകത്തിലെ തെറ്റായ പരാമർശങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇരുവരും.

Also read: