26/01/2026

തൈറോയ്ഡ് കാൻസർ: നിശബ്ദമായ ഈ 7 ലക്ഷണങ്ങളെ അവഗണിക്കരുത്

 തൈറോയ്ഡ് കാൻസർ: നിശബ്ദമായ ഈ 7 ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തൈറോയ്ഡ് കാൻസർ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സ്ത്രീകളിലും യുവാക്കളിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും വേദനാരഹിതവും നിസ്സാരവുമായി തോന്നാമെന്നതിനാൽ പലരും ഇത് അവഗണിക്കാറാണ് പതിവ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാൽ ഏറ്റവും എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് തൈറോയ്ഡ് കാൻസർ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും ഹൃദയമിടിപ്പിനെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.

ശരീരം നൽകുന്ന 7 പ്രാരംഭ മുന്നറിയിപ്പുകൾ താഴെ പറയുന്നവയാണ്

1.കഴുത്തിൽ വേദനയില്ലാത്ത മുഴ അല്ലെങ്കിൽ വീക്കം: തൈറോയ്ഡ് കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണിത്. ഷേവ് ചെയ്യുമ്പോഴോ, ആഭരണങ്ങൾ ധരിക്കുമ്പോഴോ ആണ് പലരും ഇത് ശ്രദ്ധിക്കുന്നത്. മിക്ക തൈറോയ്ഡ് മുഴകളും കാൻസർ ആയിരിക്കില്ലെങ്കിലും, പുതിയതായി രൂപപ്പെടുന്നതോ, അതിവേഗം വളരുന്നതോ ആയ കഠിനമായ മുഴകൾ ഉടൻ തന്നെ ഓങ്കോളജിസ്റ്റിനെ കാണിച്ച് പരിശോധിക്കേണ്ടതാണ്.

2.സ്ഥിരമായ പരുക്കൻ സ്വഭാവം അല്ലെങ്കിൽ ശബ്ദ മാറ്റങ്ങൾ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരുക്കൻ ശബ്ദം ഗൗരവമായി കാണണം. വോക്കൽ കോഡുകളെ നിയന്ത്രിക്കുന്ന ഞരമ്പുകൾക്ക് മുകളിൽ ട്യൂമർ സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഇത്തരത്തിൽ ശബ്ദമാറ്റം ഉണ്ടാകുന്നത്. ജലദോഷമോ മറ്റോ ഇല്ലാതെ ശബ്ദത്തിന് വ്യതിയാനം വരുന്നത് കാൻസർ സൂചനയാകാം.

3.വിഴുങ്ങാനുള്ള ബുദ്ധിമുട്ട് (ഡിസ്ഫാഗിയ): തൈറോയ്ഡ് ഗ്രന്ഥി വളർന്ന് അന്നനാളത്തിൽ അമർത്തുമ്പോഴാണ് ഭക്ഷണവും വെള്ളവും വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടുന്നത്. വേദന അനുഭവപ്പെട്ടില്ലെങ്കിൽ പോലും തൊണ്ടയിൽ എപ്പോഴും എന്തോ കുടുങ്ങിക്കിടക്കുന്നത് പോലെയുള്ള തോന്നൽ രോഗികൾ വിവരിക്കാറുണ്ട്.

4.ശ്വാസതടസ്സം അല്ലെങ്കിൽ കഴുത്തിലെ മുറുക്കം: തൈറോയ്ഡ് ട്യൂമർ ശ്വാസനാളത്തിന് (Trachea) മേൽ സമ്മർദ്ദം ചെലുത്തുമ്പോൾ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാകുന്നു. പ്രത്യേകിച്ച് മലർന്നു കിടക്കുമ്പോൾ ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടെങ്കിൽ അത് ഉടനടി വൈദ്യസഹായം തേടേണ്ട ലക്ഷണമാണ്.

5.ചെവിയിലേക്ക് പ്രസരിക്കുന്ന വേദന: കഴുത്തിലോ തൊണ്ടയിലോ തുടങ്ങുന്ന വേദന ചെവികളിലേക്ക് പടരുന്നത് തൈറോയ്ഡ് ട്യൂമറിന്റെ ലക്ഷണമാകാം. അണുബാധകളോ പരിക്കുകളോ ഇല്ലാതെ ഇത്തരം വേദന തുടർച്ചയായി വരുന്നത് പലപ്പോഴും ദന്തപ്രശ്‌നങ്ങളോ ഇഎൻടി പ്രശ്‌നങ്ങളോ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

6.കഴുത്തിലെ വീർത്ത ലിംഫ് നോഡുകൾ: കാൻസർ തൈറോയ്ഡ് ഗ്രന്ഥിക്ക് പുറത്തേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണമാണ് ലിംഫ് നോഡുകളിലെ വീക്കം. കഴുത്തിന്റെ വശങ്ങളിൽ കാണപ്പെടുന്ന ഇത്തരം നോഡുകൾ സാധാരണ അണുബാധകൾ കുറയുമ്പോൾ മാറേണ്ടതാണ്. എന്നാൽ ഇവ കാലക്രമേണ വലിപ്പം കുറയാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന ആവശ്യമാണ്.

7.വിട്ടുമാറാത്ത ചുമ: പുകവലിയോ, അലർജിയോ, മറ്റ് ശ്വാസകോശ രോഗങ്ങളോ ഇല്ലാതെ തന്നെ മാസങ്ങളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ തൈറോയ്ഡ് കാൻസറിന്റെ അത്ര അറിയപ്പെടാത്ത ലക്ഷണമാണ്. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വളർച്ച തൊണ്ടയിൽ പ്രകോപനം സൃഷ്ടിക്കുന്നതാണ് ഇതിന് കാരണം.

നേരത്തെയുള്ള രോഗനിർണയം എന്തിന്?

തൈറോയ്ഡ് കാൻസർ നേരത്തെ കണ്ടെത്തിയാൽ സങ്കീർണ്ണതകളില്ലാതെ ചികിത്സിച്ചു മാറ്റാൻ സാധിക്കുമെന്ന് പട്പർഗഞ്ചിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു. അൾട്രാസൗണ്ട്, രക്തപരിശോധന, ബയോപ്‌സി എന്നിവയിലൂടെ രോഗം കൃത്യമായി നിർണ്ണയിക്കാം. ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി തുടങ്ങിയവയിലൂടെ ഇതിനെ ഫലപ്രദമായി നേരിടാം. അതിനാൽ, ശരീരത്തിൽ പ്രകടമാകുന്ന സൂക്ഷ്മമായ മാറ്റങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കും.

Also read: