27/01/2026

ലോകത്ത് ഏറ്റവും ഉയരത്തിൽ സ്വർണ്ണം വിളയുന്ന പട്ടണം! പക്ഷേ ശമ്പളമില്ല, വെള്ളമില്ല, ശുദ്ധവായുവുമില്ല! ‘ലാ റിങ്കോണഡ’യിൽ തിങ്ങിപ്പാർത്ത് 5,0000 മനുഷ്യർ

 ലോകത്ത് ഏറ്റവും ഉയരത്തിൽ സ്വർണ്ണം വിളയുന്ന പട്ടണം! പക്ഷേ ശമ്പളമില്ല, വെള്ളമില്ല, ശുദ്ധവായുവുമില്ല! ‘ലാ റിങ്കോണഡ’യിൽ തിങ്ങിപ്പാർത്ത് 5,0000 മനുഷ്യർ

ലിമ: സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ ആകാശത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗ്രാമം. എന്നാൽ ആ ആകാശത്തിന് അവിടെ നീലിമയേക്കാൾ സ്വർണ്ണത്തിന്റെ നിറമാണ്. കിഴക്കൻ ആൻഡീസിലെ ‘ലാ റിങ്കോണഡ’ എന്ന ഈ ചെറു പട്ടണം മനുഷ്യ സഹനത്തിന്റെ പരിധികളെ വെല്ലുവിളിച്ചാണ് നിലനിൽക്കുന്നത്. ഓക്‌സിജന്റെ അളവ് പകുതി മാത്രമുള്ള, വായു തീരെ നേർത്ത പ്രദേശത്ത് ഏകദേശം 50,000 ആളുകളാണ് അധിവസിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥിരവാസ കേന്ദ്രമാണെങ്കിലും, ഇവിടുത്തെ ജീവിതം അത്യന്തം ദുസ്സഹമാണ്. ഒഴുകുന്ന വെള്ളമോ, ശരിയായ മലിനജല സംവിധാനമോ, മാലിന്യ നിർമാർജന മാർഗങ്ങളോ ഇവിടെയില്ല. കൊടും തണുപ്പും ഹിമാനികൾക്കിടയിലെ കഠിനമായ കാലാവസ്ഥയും ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നിട്ടും ഇത്രയധികം മനുഷ്യർ ഇവിടേക്ക് പ്രവഹിക്കുന്നത് ഒരേയൊരു കാരണത്താലാണ് സ്വർണ്ണം.

ഇവിടുത്തെ ഖനന രീതി ലോകത്ത് മറ്റെങ്ങും കാണാത്തതാണ്. ‘കാച്ചോറിയോ’ എന്ന് വിളിക്കപ്പെടുന്ന സമ്പ്രദായമനുസരിച്ച് തൊഴിലാളികൾക്ക് മാസാമാസം ശമ്പളം ലഭിക്കില്ല. പകരം, ഒരു മാസം മുഴുവൻ കൂലിയില്ലാതെ പണിയെടുത്ത ശേഷം അവസാന ദിവസം അവർക്ക് കൊണ്ടുപോകാൻ കഴിയുന്നത്ര അയിര് ഖനിയിൽ നിന്ന് എടുക്കാം. ആ അയിരിൽ സ്വർണ്ണമുണ്ടെങ്കിൽ അത് തൊഴിലാളിയുടേതാണ് ഇല്ലെങ്കിൽ മാസത്തെ അധ്വാനം പാഴായി. ഈ ഭാഗ്യപരീക്ഷണമാണ് പലരെയും ഇവിടെ പിടിച്ചുനിർത്തുന്നത്.

അമിതമായ ഉയരം നിമിത്തം ഇവിടുത്തെ നാലിൽ ഒരാൾക്ക് ‘ക്രോണിക് മൗണ്ടൻ സിക്ക്‌നസ്’ എന്ന രോഗം ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വിട്ടുമാറാത്ത തലവേദനയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇവിടുത്തെ സാധാരണക്കാരുടെ കൂടെപ്പിറപ്പാണ്. ആശുപത്രി സൗകര്യങ്ങളുടെ അഭാവം സ്ഥിതി കൂടുതൽ വഷളാക്കുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു താൽക്കാലിക താവളമായി തുടങ്ങിയ ലാ റിങ്കോണഡ ഇന്ന് പെറുവിന്റെ സാമ്പത്തിക ഭൂപടത്തിലെ അവിഭാജ്യ ഘടകമാണ്. ഹിമാനികൾ ഉരുകിത്തീരുമ്പോഴും ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടുമ്പോഴും സ്വർണ്ണത്തിനായും നിലനിൽപ്പിനായുമുള്ള മനുഷ്യന്റെ അടങ്ങാത്ത ദാഹം എപ്പോഴും പർവ്വതനിരകളിൽ തങ്ങിനിൽക്കുന്നു.

Also read: