27/01/2026

സൂഫി കവി ബുല്ലേ ഷായുടെ ദർഗ അടിച്ചുതകർത്ത് ഹിന്ദുത്വ സംഘം; സംഭവം ഉത്തരാഖണ്ഡിലെ മസൂറിയിൽ

 സൂഫി കവി ബുല്ലേ ഷായുടെ ദർഗ അടിച്ചുതകർത്ത് ഹിന്ദുത്വ സംഘം; സംഭവം ഉത്തരാഖണ്ഡിലെ മസൂറിയിൽ

ഡെറാഡൂൺ: 18-ാം നൂറ്റാണ്ടിൽ പഞ്ചാബിൽ ജീവിച്ച പ്രശസ്ത സൂഫി പണ്ഡിതനും കവിയുമായ ബുല്ലേ ഷായുടെ ദർഗ അടിച്ചുതകർത്ത് ഹിന്ദുത്വ സംഘം. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗയിലായിരുന്നു കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ അക്രമിസംഘത്തിന്റെ തേർവാഴ്ച. ഹിന്ദു രക്ഷാദൾ പ്രവർത്തകരായ 30ഓളം പേരാണ് അക്രമികൾ.

ജനുവരി 24നു വൈകീട്ടാണു സംഭവം നടന്നത്. മസൂറിയിലെ വിൻബെർഗ്-അലൻ സ്‌കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ദർഗയിലേക്ക് ഇരുമ്പുവടികളും ചുറ്റികയുമായി ഇരച്ചെത്തുകയായിരുന്നു അക്രമിസംഘം. ബുല്ലേ ഷായുടെ ഉൾപ്പെടെയുള്ള ദർഗ അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദർഗയിലെ മതഗ്രന്ഥങ്ങളും കാണിക്കവഞ്ചിയും അക്രമികൾ നശിപ്പിച്ചു.

ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദർഗ വനഭൂമി കയ്യേറിയാണ് നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് സ്‌കൂളിനും നഗരസഭയ്ക്കും നോട്ടീസ് അയച്ചു. എന്നാൽ, ദർഗ 100 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും കയ്യേറ്റമില്ലെന്നും ദർഗ കമ്മിറ്റി വ്യക്തമാക്കി.

ജനുവരി 23-ന് ഹിന്ദു രക്ഷാ ദൾ ഉത്തരാഖണ്ഡിലെ പ്രസിഡന്റ് ലളിത് ശർമ, ചൊവ്വാഴ്ചയ്ക്കകം ഭരണകൂടം നടപടി എടുത്തില്ലെങ്കിൽ ദർഗ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇത് ദേവഭൂമിയാണ്, ബുല്ലേ ഷായ്ക്ക് ഇവിടെ സ്ഥാനമില്ല’ എന്നായിരുന്നു ഭീഷണി.

ദർഗ തകർത്ത നടപടിയെ അഭിനന്ദിച്ച് ഹിന്ദു രക്ഷാ ദൾ അഖിലേന്ത്യ തലവൻ പിങ്കി ചൗധരി രംഗത്തെത്തിയിട്ടുണ്ട്. ’70 വർഷമായി ദേവഭൂമിയിൽ ഉണ്ടായിരുന്ന ബുല്ലേ ഷായെ എന്റെ സംഘം പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു’ എന്നായിരുന്നു പിങ്കിയുടെ പ്രതികരണം.

മസൂറിയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്ന് ദർഗ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25-30 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം മതവികാരം വ്രണപ്പെടുത്തൽ, ആരാധനാലയം തകർക്കൽ, സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. എന്നാൽ, ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

മതസൗഹാർദത്തിന് പേരുകേട്ട മസൂറിയിൽ ഇത്തരമൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ മൻമോഹൻ സിങ് പറഞ്ഞു. സ്‌കൂളിന്റെ സ്വകാര്യ ഭൂമിയിലാണ് ദർഗ സ്ഥിതി ചെയ്തിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സ്‌കൂൾ അധികൃതർ ഇതിന് അനുമതി നൽകിയിരുന്നതായും ബാബ ബുല്ലേ ഷാ കമ്മിറ്റി പ്രസിഡന്റ് രജത് അഗർവാൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.

Also read: