ഇന്ത്യയിലേക്കില്ല! ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി; പകരക്കാരായി സ്കോട്ട്ലൻഡ്?
ധാക്ക: ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി. ഇന്ത്യയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഇന്ന് ഔദ്യോഗികമായി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയതാണ് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത്.
അടുത്ത മാസം ഏഴിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൽ ബോർഡ് ഭാരവാഹികളും ടീം അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ടീമിനെ അയക്കേണ്ടെന്ന കടുത്ത തീരുമാനത്തിൽ ബിസിബി എത്തിയത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ ഐസിസി നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.
ബംഗ്ലാദേശിന്റെ പിന്മാറ്റത്തോടെ ടൂർണമെന്റിൽ പകരക്കാരായി സ്കോട്ട്ലൻഡ് എത്താനാണ് സാധ്യത. നിലവിലെ ഐസിസി റാങ്കിങിൽ മുന്നിലുള്ള ടീം എന്ന നിലയിലാണ് സ്കോട്ട്ലൻഡിന് വഴിതെളിയുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയിൽ നടക്കേണ്ട മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പ്രായോഗികമല്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.
ബിസിബി പ്രസിഡന്റ് ഐസിസി മീറ്റിങിൽ തങ്ങളെ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളാണ് ഉണ്ടായതെന്ന് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഞങ്ങൾക്ക് ലോകകപ്പ് കളിക്കാൻ അതിയായ താൽപ്പര്യമുണ്ട്. പക്ഷേ ഇന്ത്യയിൽ സുരക്ഷിതമായി കളിക്കാനാകുമെന്ന് കരുതുന്നില്ല. മുസ്തഫിസുർ റഹ്മാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഐസിസിയുമായി ഇനിയും ആശയവിനിമയം തുടരും.’ അമിനുൾ ഇസ്ലാം കൂട്ടിച്ചേർത്തു
ക്രിക്കറ്റിന്റെ ആഗോള ജനപ്രീതി കുറയുന്ന കാലഘട്ടത്തിൽ ബംഗ്ലാദേശിനെപ്പോലൊരു വലിയ ക്രിക്കറ്റ് രാഷ്ട്രം വിട്ടുനിൽക്കുന്നത് ഐസിസിയുടെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 200 ദശലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീമിനെ ഒഴിവാക്കി മുന്നോട്ട് പോകുന്നത് ടൂർണമെന്റിന്റെ ശോഭ കെടുത്തുമെന്നും ബിസിബി നേതൃത്വം വ്യക്തമാക്കി.