‘മഹാനായൊരു ഫുട്‌ബോള്‍ താരമായല്ല; നല്ലൊരു മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’-അത് വെറുംവാക്കല്ലെന്ന് മാനെ തെളിയിച്ച ദിനം
റബാത്ത്/ദാക്കര്‍: നക്ഷത്രത്തിളക്കമുള്ള ഫുട്‌ബോള്‍ കരിയറിനെക്കാള്‍ താന്‍ വിലമതിക്കുന്നത് മനുഷ്യത്വത്തിനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ‘ഫുട്‌ബോള്‍ കരിയറിന് ശേഷം ഒരു മികച്ച കളിക്കാരനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഫുട്‌ബോളിനെക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്,’-നേരത്തെ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തില്‍ മാനെ പറഞ്ഞതാണ് ഈ വാക്കുകള്‍. അതു കേവലം വാക്കസര്‍ത്തല്ലെന്ന് തൊട്ടുപിന്നാലെ നടന്ന ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് (AFCON) ഫൈനലില്‍ മാനെ പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ അഭിനന്ദിക്കുകയാണിപ്പോള്‍ കായികലോകം.
മൊറോക്കോയ്ക്കെതിരായ ആവേശകരമായ ഫൈനലില്‍ മാനെ ഉയര്‍ത്തിപ്പിടിച്ച കായിക മര്യാദ ലോകമെങ്ങുമുള്ള കായിക പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച വിവാദപരമായ പെനാല്‍റ്റിയെത്തുടര്‍ന്ന് സെനഗല്‍ താരങ്ങള്‍ പ്രതിഷേധവുമായി മൈതാനം വിടാന്‍ ഒരുങ്ങിയപ്പോഴാണ് മാനെയിലെ യഥാര്‍ത്ഥ നായകന്‍ ഉണര്‍ന്നത്. റഫറിയുടെ തീരുമാനത്തില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്നിട്ടും, കളി തടസ്സപ്പെടുത്തുന്നത് ഫുട്‌ബോളിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
പ്രതിഷേധം കനത്തപ്പോള്‍ സഹതാരങ്ങളെ ശാന്തരാക്കി മൈതാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മാനെ മുന്‍കൈ എടുത്തു. ‘വ്യക്തിപരമായി അതൊരു പെനാല്‍റ്റിയാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ റഫറി ഒരു തീരുമാനമെടുത്താല്‍ അത് ബഹുമാനിക്കപ്പെടണം. ലോകം മുഴുവന്‍ നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണ്, ഇങ്ങനെ കളി നിര്‍ത്തുന്നത് ശരിയല്ല. വിജയത്തേക്കാള്‍ നമ്മുടെ കളിയുടെ പ്രതിച്ഛായയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്,’ എന്നായിരുന്നു മത്സരശേഷം മാനെയുടെ പ്രതികരണം.
മാനെ കാണിച്ച ഈ പക്വതയും മാന്യതയുമാണ് സെനഗലിനെ രണ്ടാം വട്ടം കിരീടത്തിലേക്ക് നയിച്ചത്. മാനെയുടെ വാക്കുകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് തിരിച്ചെത്തിയ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി ആ പെനാല്‍റ്റി തടയുകയും, തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ സെനഗല്‍ വിജയഗോള്‍ നേടുകയും ചെയ്തു.
മൈതാനത്തിന് പുറത്തും മാനെ വലിയ മാനുഷിക-കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനാണ്. തന്റെ ജന്മനാടായ ബംബാലിയില്‍ വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മിച്ചും പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ചും അദ്ദേഹം തന്റെ മനുഷ്യത്വപരമായ നിലപാടുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ ഒരു വിനോദം മാത്രമാണെന്നും, ജീവിതം അതിനെക്കാള്‍ എത്രയോ വലുതാണെന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഓരോ പ്രവൃത്തിയിലും നിഴലിക്കുന്നത്.
2026-ലെ ലോകകപ്പിന് ശേഷം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്ന സാദിയോ മാനെ, ഗോളുകളുടെ എണ്ണം കൊണ്ടല്ല, മറിച്ച് താന്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ കൊണ്ട് ഓര്‍മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കായിക ലോകത്ത് വിജയങ്ങള്‍ തേടി പോകുന്നവര്‍ക്കിടയില്‍, തോല്‍വി സമ്മതിച്ചാലും അന്തസ്സ് കൈവിടില്ലെന്ന് പറയുന്ന മാനെ വരുംതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമാണ്.