02/09/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: റെഡ് അലേർട്ട് പ്രഖ്യാപിച്ചു

 സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി പ്രധാന പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മക്കയിലെ മെയ്‌സാൻ, അസീറിലെ അൽ-മജാരിദ, റിജാൽ അൽമാ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് നൽകിയിട്ടുള്ളത്. ജസാനിലെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലേർട്ടും, മക്കയിലെ ഹോളി ക്യാപിറ്റൽ, അൽ-ദർബ്, അൽ-ബിർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ജസാൻ, അസീർ, അൽ-ബഹ, മക്ക, മദീന മേഖലകളിൽ മിന്നൽ പ്രളയത്തിനും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം രാജ്യത്ത് ഉയർന്ന താപനിലയും രേഖപ്പെടുത്തുന്നുണ്ട്. ദമ്മാമിൽ 46 ഡിഗ്രി സെൽഷ്യസും റിയാദ്, മദീന, ബുറൈദ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മക്കയിൽ 42 ഡിഗ്രിയും ജിദ്ദയിൽ 38 ഡിഗ്രിയുമാണ് താപനില.

റിയാദിലും മറ്റ് പ്രധാന നഗരങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പൊടിപടലവും അനുഭവപ്പെടും. ദമ്മാമിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കാം. അബഹ (85%), അൽ-ബഹ, ജസാൻ (80%), ജിദ്ദ (75%) എന്നിവിടങ്ങളിലും ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. തബൂക്കിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

Also read: