അയാള്‍ പാടുമ്പോള്‍ മനുഷ്യര്‍ കേള്‍ക്കില്ല, ആനകള്‍ തലയാട്ടും; ലോക റെക്കോര്‍ഡിട്ട് ടിം സ്‌റ്റോംസിന്റെ അത്ഭുതവിശേഷം
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും താഴ്ന്ന ശബ്ദത്തിന് ഉടമയെന്ന റെക്കോർഡ് ഇനി ടിം സ്‌റ്റോംസിന് സ്വന്തം. കേൾക്കുമ്പോൾ അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, അദ്ദേഹം പാടുന്ന പല ബാസ് നോട്ടുകളും മനുഷ്യർക്ക് ശാരീരികമായി കേൾക്കാൻ പോലുമാകില്ല എന്നതാണ്.
ഒരു ദശാബ്ദത്തിലേറെയായി, ലോകത്തിലെ ഏറ്റവും വലിയ വോക്കൽ റേഞ്ചിനും ഏറ്റവും താഴ്ന്ന വോക്കൽ നോട്ടിനുമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ അമേരിക്കൻ ഗായകൻ കൈവശം വച്ചിരിക്കുകയാണ്. ഒരു ശരാശരി മനുഷ്യന് കേൾക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി 20 ഹെർട്‌സ് (Hz) ആണ്. എന്നാൽ ടിമ്മിന് 0.189 ഹെർട്‌സ് വരെ താഴ്ന്ന ആവൃത്തിയിൽ പാടാൻ കഴിയും. അതായത്, ഒരു സാധാരണ പിയാനോയിലെ ഏറ്റവും താഴ്ന്ന ‘ജി’ (G) നോട്ടിനേക്കാൾ എട്ട് ഒക്ടേവുകൾ താഴെയുള്ള ശബ്ദം വരെ ടിം പുറപ്പെടുവിക്കുന്നു.
കേൾക്കാനാവില്ല, അനുഭവിക്കാം
0.189 ഹെർട്‌സ് എന്നത് ഇൻഫ്രാസോണിക് വിഭാഗത്തിൽപ്പെടുന്ന ശബ്ദമാണ്. ആനകൾ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്നതിന് സമാനമായ ആവൃത്തികളാണിവ. സമുദ്രത്തിലെ വലിയ കൊടുങ്കാറ്റുകൾക്കിടയിൽ രൂപപ്പെടുന്ന ‘മൈക്രോബാറംസ്’ എന്ന പ്രതിഭാസത്തോടാണ് ശാസ്ത്രലോകം ഇതിനെ ഉപമിക്കുന്നത്. ടിം ഈ സ്വരത്തിൽ പാടുമ്പോൾ വായുവിൽ ഏകദേശം 5950 അടി നീളമുള്ള കൂറ്റൻ ശബ്ദതരംഗങ്ങളാണ് ഉണ്ടാകുന്നത്. ഈ ശബ്ദം കാതുകൾക്ക് തിരിച്ചറിയാൻ കഴിയില്ലെങ്കിലും, ടിമ്മിന്റെ വോക്കൽ കോഡുകളിൽ നിന്നുണ്ടാകുന്ന ഈ കമ്പനങ്ങൾ ശരീരത്തിന് അനുഭവിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹൈഫ്രീക്വൻസി മൈക്രോഫോണുകളും പ്രിസിഷൻ സൗണ്ട് അനലൈസറുകളും ഉപയോഗിച്ചാണ് ഗിന്നസ് അധികൃതർ അപൂർവ്വ നേട്ടം സ്ഥിരീകരിച്ചത്.
റെക്കോർഡുകൾ തകർത്ത് മുന്നോട്ട്
2000-ൽ തന്റെ ആദ്യ റെക്കോർഡ് കുറിച്ച ടിം, പിന്നീട് പലതവണ സ്വന്തം നേട്ടം തിരുത്തിക്കുറിച്ചു. 2008-ൽ 10 ഒക്ടേവുകൾക്കിടയിൽ പാടിയാണ് അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചത്. ‘എനിക്ക് പ്രായമാകുന്തോറും എന്റെ ശബ്ദത്തിന്റെ ആഴം കൂടിവരികയാണ്’ എന്നാണ് ടിം ഇതിനെക്കുറിച്ച് പറയുന്നത്. കൗമാരപ്രായത്തിൽ ശബ്ദം മാറുന്ന സാധാരണ ഘട്ടം തനിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മിസ്സോറിയിലെ സ്റ്റുഡിയോകളിൽ ഓഡിയോ സ്‌പെഷ്യലിസ്റ്റുകൾക്കും പത്രപ്രവർത്തകർക്കും മുന്നിൽ തത്സമയം പാടിയാണ് അദ്ദേഹം ഈ റെക്കോർഡുകൾ വീണ്ടെടുത്തത്.
അന്താരാഷ്ട്ര അംഗീകാരങ്ങൾ
ഡെക്കാ റെക്കോർഡ്‌സ് സംഘടിപ്പിച്ച ‘ബാസ് ഹണ്ടർ’ എന്ന അന്താരാഷ്ട്ര മത്സരത്തിൽ വിജയിച്ചതോടെയാണ് ടിം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പോൾ മീലർ എഴുതിയ ‘ഡി പ്രൊഫുണ്ടിസ്’ എന്ന സംഗീത ശില്പം ആലപിക്കാൻ ഏറ്റവും അനുയോജ്യനായ ഗായകനെ തേടിയുള്ള യാത്ര അവസാനിച്ചത് ടിമ്മിലാണ്. ക്ലാസിക്കൽ സംഗീത ചരിത്രത്തിൽ ഇതുവരെ എഴുതപ്പെട്ടതിൽ വച്ച് ഏറ്റവും താഴ്ന്ന സ്വരങ്ങൾ ഈ കൃതിയിൽ ഉണ്ടായിരുന്നു.
സെന്റ് പീറ്റേഴ്‌സ്ബർഗ് ചേംബർ ഗായകസംഘത്തോടൊപ്പം പാടാനും 2012ൽ പുറത്തിറങ്ങിയ ‘ട്രാൻക്വിലിറ്റി’ എന്ന ആൽബത്തിന്റെ ഭാഗമാകാനും ഈ അതുല്യ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ വിവിധ അകാപെല്ല ബാൻഡുകൾക്കും ടൂറിംഗ് ഗ്രൂപ്പുകൾക്കും വേണ്ടി ടിം തന്റെ ശബ്ദം നൽകുന്നുണ്ട് . ലോകത്തിലെ ഏറ്റവും താഴ്ന്ന ശബ്ദമായി ശാസ്ത്രം കണക്കാക്കുന്ന ബ്ലാക്ക് ഹോളുകളിൽ നിന്നുള്ള മർദ്ദ ആന്ദോളനങ്ങളോടുപോലും ടിം സ്‌റ്റോംസിന്റെ വോക്കൽ റേഞ്ചിനെ ചില നിരീക്ഷകർ കൗതുകത്തോടെ ഉപമിക്കാറുണ്ട്.