27/03/2026
[fontresizer_tawhidurrahmandear_widget]

2 കോടി മുടക്കി, 3 വിമാനങ്ങള്‍ ഇറക്കി; എന്നിട്ടും ഡല്‍ഹിയില്‍ തുള്ളിമഴ പെയ്തില്ല-കൃത്രിമമഴ പരീക്ഷണം അമ്പേ പാളി

 2 കോടി മുടക്കി, 3 വിമാനങ്ങള്‍ ഇറക്കി; എന്നിട്ടും ഡല്‍ഹിയില്‍ തുള്ളിമഴ പെയ്തില്ല-കൃത്രിമമഴ പരീക്ഷണം അമ്പേ പാളി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. വായു മലിനീകരണത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി നടത്തിയ ‘ക്ലൗഡ് സീഡിങ്’ (Delhi Cloud Seeding) ശ്രമങ്ങളാണ് ഫലം കാണാതെ പോയത്. ഈ പരീക്ഷണങ്ങള്‍ക്കായി മൂന്ന് വിമാന സര്‍വീസുകളിലായി 1.9 കോടി രൂപയാണ് ചെലവഴിച്ചത്.

ഐഐടി കാണ്‍പൂരുമായി സഹകരിച്ചാണ് ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയത്. മേഘങ്ങളിലേക്ക് സില്‍വര്‍ അയഡൈഡ് പോലുള്ള രാസവസ്തുക്കള്‍ വിതറി മഴ പെയ്യിക്കുന്ന ഈ സാങ്കേതികവിദ്യ ഡല്‍ഹിയില്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. പരീക്ഷണം പരാജയപ്പെട്ടതിന് കാരണം മേഘങ്ങളില്‍ ആവശ്യത്തിന് ഈര്‍പ്പം ഇല്ലാത്തതാണെന്ന് ഐഐടി കാണ്‍പൂര്‍ അധികൃതര്‍ വിശദീകരിച്ചു.

സാധാരണയായി കൃത്രിമ മഴ പെയ്യിക്കുന്നതിന് മേഘങ്ങളില്‍ 50 ശതമാനത്തിലധികം ഈര്‍പ്പം ആവശ്യമാണ്. എന്നാല്‍, ഡല്‍ഹിയില്‍ പരീക്ഷണം നടത്തുമ്പോള്‍ വെറും 15-20 ശതമാനം ഈര്‍പ്പം മാത്രമാണ് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നത്. ഈര്‍പ്പം കുറവായതിനാല്‍ രാസവസ്തുക്കള്‍ വിതറിയിട്ടും മഴമേഘങ്ങള്‍ രൂപപ്പെട്ടില്ല.

‘കൃത്യമായ ഈര്‍പ്പമില്ലാത്ത സാഹചര്യത്തില്‍ ക്ലൗഡ് സീഡിങ് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആവശ്യമായത്ര ഈര്‍പ്പമില്ലാത്തതാണ് ഈ ശ്രമം പരാജയപ്പെടാന്‍ കാരണം,’ ഐഐടി കാണ്‍പൂര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മലിനീകരണം നിയന്ത്രിക്കാന്‍ നിര്‍ണായകമെന്ന് കരുതിയ പരീക്ഷണം പാളിയത് ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടിയായി. ലക്ഷങ്ങള്‍ മുടക്കിയുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഡല്‍ഹിക്ക് അടിയന്തര പരിഹാരം അനിവാര്യമാണ്. അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ തിരിച്ചുവരുന്ന മുറയ്ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

Also read: