കോഴിക്കോട് ഫ്രഷ്‌കട്ട് സംഘര്‍ഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റായ ‘ഫ്രഷ് കട്ടു’മായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധവും മലിനീകരണവും ഉണ്ടാകുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും, ഇത് പൊലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും, പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്ലാന്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും, നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്യുമെന്നും കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്് ഉറപ്പ് നല്‍കി.