ജെമീമയുടെ ‘മധുരപ്രതികാരം’: വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി!
മുംബൈ: ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറി പ്രകടനം(127*), അവര്‍ക്ക് കേവലമൊരു വിജയമായിരുന്നില്ല. തന്റെയും കുടുംബത്തിന്റെ രാജ്യസ്‌നേഹം ചോദ്യംചെയ്തവര്‍ക്കും തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമുള്ള ജെമീമയുടെ മുഖം അതു വിളിച്ചുപറയുന്നുണ്ടായിരുന്നു. പോസ്റ്റ്മാച്ച് പ്രസന്റേഷനില്‍ വാക്കുകള്‍ കിട്ടാതെ അവര്‍ ഇടറിയത് വെറുതെയായിരുന്നില്ല. ആ കൈക്കൂപ്പിക്കാണിച്ചുള്ള വികാരപ്രകടനം ആര്‍ക്കുനേരെയായിരുന്നു!
ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു നിര്‍ണായക പോരാട്ടത്തില്‍, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തുകൊണ്ട്, ജെമീമ താനും കുടുംബവും നേരിട്ട അധിക്ഷേപങ്ങള്‍ക്കു മറുപടി നല്‍കി. കരുത്തരായ കങ്കാരുക്കളെയാണ്, ഏറ്റവും വലിയ ചേസിങ്ങിലൂടെ ജെമീമ തകര്‍ത്തുകളഞ്ഞത്.
കഴിഞ്ഞ വര്‍ഷം മുംബൈയിലെ പ്രമുഖ ക്ലബ്ബായ ഖാര്‍ ജിംഖാന, ജെമീമയുടെ പിതാവ് ഇവാന്‍ റോഡ്രിഗസ് ക്ലബിന്റെ സൗകര്യങ്ങള്‍ ക്രൈസ്തവ മതചടങ്ങുകള്‍ക്ക് ഉപയോഗിച്ചു എന്നാരോപിച്ച് താരത്തിന്റെ ഹോണററി അംഗത്വം റദ്ദാക്കിയിരുന്നു. മതപരിവര്‍ത്തനമാണ് ഇവാന്‍ നടത്തിയതെന്ന് ആരോപിച്ച് വിഷയം സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ജെമീമയ്ക്കും കുടുംബത്തിനും നേരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണുണ്ടായത്.
ഒരു അന്താരാഷ്ട്ര താരമായിട്ടും സ്വന്തം നഗരത്തിലെ ക്ലബില്‍നിന്നും സ്വന്തം നാട്ടുകാരില്‍നിന്നും അവഹേളനം ഏറ്റുവാങ്ങേണ്ടി വന്ന ആ വേദനയ്ക്ക്, ഒടുവില്‍ നിര്‍ണായകമായൊരു പോരാട്ടത്തില്‍ സ്വന്തം ബാറ്റ് കൊണ്ട് ജെമീമ മറുപടി നല്‍കി. 134 പന്തില്‍ 14 ബൗണ്ടറികളുമായി 127 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം, വിജയത്തിന് ശേഷം വികാരാധീനയായി കണ്ണീരണിഞ്ഞു.
പോസ്റ്റ്-മാച്ച് പ്രസന്റേഷനില്‍ ജെമിമയുടെ വാക്കുകള്‍ അവരുടെ മാനസിക പോരാട്ടത്തെ വെളിപ്പെടുത്തി: ‘കഴിഞ്ഞ കുറച്ചു മാസങ്ങള്‍ വളരെ കഠിനമായിരുന്നു. ഞാന്‍ മാനസികമായി തളര്‍ന്നിരുന്നു, ടീമില്‍ നിന്ന് പുറത്തായത് എന്നെ ഉലച്ചു. പക്ഷേ ഞാന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. ഇന്ന് എന്റെ അച്ഛനും അമ്മയും പരിശീലകനുമുള്‍പ്പെടെ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ കളിച്ചത്. ഈ വിജയം ഇന്ത്യക്ക് വേണ്ടിയായിരുന്നു.’
ജെമീമയുടെ ഈ സെഞ്ച്വറി, ക്ലബ്ബ് അംഗത്വം റദ്ദാക്കിയ ഖാര്‍ ജിംഖാനക്ക് നല്‍കിയ മധുരപ്രതികാരം കൂടിയാണ്. വിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തിയവര്‍ക്ക്, കായികമികവ് കൊണ്ട് മറുപടി നല്‍കി, അവര്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.