അലന്ദ് വോട്ട് തട്ടിപ്പില്‍ പിടിമുറുക്കി എസ്‌ഐടി; മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവും മകനും
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം.
രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടര്‍മാരുടെ പേരുകള്‍ അനധികൃതമായി നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് കേസ്. സംസ്ഥാനത്തെ ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു ദുരൂഹമായ നീക്കം. വോട്ടര്‍ പട്ടികയില്‍ നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും ഡാറ്റാ സെന്റര്‍ ഓപറേറ്റര്‍ക്ക് 80 രൂപ നല്‍കിയതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ റെയ്ഡുകളില്‍ പിടിച്ചെടുത്തിരുന്നു.
സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, മറ്റൊരു മകനും മദ്യവ്യവസായിയുമായ സന്തോഷ് ഗുട്ടേദാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മല്ലികാര്‍ജുന്‍ മഹന്താഗോള്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് എസ്‌ഐടി തിരച്ചില്‍ നടത്തിയത്.
എന്നാല്‍, തന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വിജയിച്ച സ്ഥാനാര്‍ത്ഥി ബി.ആര്‍ പാട്ടീലാണെന്നും ഗുട്ടേദാര്‍ ആരോപിച്ചു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് മണ്ഡലത്തില്‍ ഗുട്ടേദാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ബി.ആര്‍ പാട്ടീലാണ് വിജയിച്ചത്. എന്നാല്‍, മണ്ഡലം പിടിക്കാനായി ബിജെപി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. രാഹുലിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നത്.